രാജസ്ഥാനിലെ ജയ്പൂരിൽ എൽപിജി ടാങ്കറുമായി ട്രക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വൻ തീപിടിത്തം. 11 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങളും അപകടത്തിൽ കത്തിനശിച്ചു. അജ്മീർ റോഡിൽ ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. അപകടത്തിൽ സമീപത്തെ പെട്രോൾ പമ്പിലേക്കും തീപടർന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
അജ്മീർ റോഡിൽ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ഏകദേശം 300 മീറ്റർ ചുറ്റളവിലേക്ക് തീ വ്യാപിച്ചതായാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തിൽ നിരവധി ഡ്രൈവർമാർ ഉൾപ്പടെ 40 ലധികം ആളുകൾക്കാണ് പരുക്കേറ്റത്. ഇതിൽ 28 പേർ ഗുരുതരാവസ്ഥയിലാണെന്ന് അധികൃതർ അറിയിച്ചു. ട്രക്കിൽ രാസവസ്തുക്കൾ ഉണ്ടായതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ അനുശോചനം രേഖപ്പെടുത്തി.