NEWSROOM

തിരിച്ചടിച്ച് ട്രംപ്! ചൈനയ്ക്കുള്ള ഇറക്കുമതി തീരുവ 245% ഉയർത്തി

ബീജിങ്ങിന്റെ സമീപകാല കയറ്റുമതി നിയന്ത്രണങ്ങൾക്കുള്ള മറുപടിയാണ് പുതിയ തീരുമാനമെന്ന് വൈറ്റ് ഹൗസ്

Author : ന്യൂസ് ഡെസ്ക്


ചൈനീസ് ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ 245% വർധിപ്പിച്ച് ട്രംപ് ഭരണകൂടം. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചൈന പകരചുങ്കം ഏർപ്പെടുത്തിയതിനെതിരെയാണ് ട്രംപിൻ്റെ പുതിയ നടപടി. ബീജിങ്ങിന്റെ സമീപകാല കയറ്റുമതി നിയന്ത്രണങ്ങൾക്കുള്ള മറുപടിയാണ് പുതിയ തീരുമാനമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിക്കുന്നുണ്ട്. ഇതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷം രൂക്ഷമായി.

സൈനിക, ബഹിരാകാശ, സെമികണ്ടക്ടർ വ്യവസായങ്ങൾക്ക് നിർണായകമായ ഗാലിയം, ജെർമേനിയം, ആന്റിമണി എന്നിവയുൾപ്പെടെയുള്ള സുപ്രധാന ഹൈടെക് വസ്തുക്കൾക്ക് ചൈന മനഃപൂർവ്വം നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ ആറ് ഹെവി റെയർ എർത്ത് ലോഹങ്ങളുടെയും റെയർ എർത്ത് കാന്തങ്ങളുടെയും കയറ്റുമതി ചൈന താൽക്കാലികമായി നിർത്തിവച്ചതായും അമേരിക്ക ആരോപിച്ചു.

ഈ മാസം ചൈന യുഎസ് ഉത്പന്നങ്ങൾക്കുള്ള തീരുവ 125% ആയി ഉയർത്തിയിരുന്നു. ട്രംപ് ചൈനീസ് ഇറക്കുമതിയുടെ തീരുവ 145% ആയി വർധിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ചൈനയുടെ ഈ നീക്കം. പല യുഎസ് കമ്പനികള്‍ക്കുമേലും നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൂടാതെ അമേരിക്കന്‍ കമ്പനിയായ ബോയിങ്ങില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവെയ്ക്കണമെന്ന നിർദേശവും ചൈനീസ് വ്യോമയാന കമ്പനികൾക്ക് സര്‍ക്കാര്‍ നൽകിയിരുന്നു.

ഇതിന് മറുപടിയായാണ് അമേരിക്ക ഇപ്പോൾ ഇറക്കുമതി തീരുവ വർധിപ്പിച്ചത്. അതേസമയം, അമേരിക്കയിമായി വ്യാപാര കരാറിൽ ഏർപ്പെടാൻ സന്നദ്ധമായ 75 രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തുന്നത് 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ചര്‍ച്ചക്കില്ലെന്നാണ് ചൈന വ്യക്തമാക്കിയത്. ഇതും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു.

ഏതൊരു ചർച്ചയിലും ചൈന ആദ്യപടി സ്വീകരിക്കണം. പന്ത് ചൈനയുടെ കോർട്ടിലാണ്. ചൈന അമേരിക്കയുമായാണ് കരാറിൽ ഏർപ്പെടേണ്ടത്. അവരുമായി ഒരു കരാറിൽ ഏർപ്പെടേണ്ട കാര്യം അമേരിക്കയ്ക്കില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ബോയിങ് കരാറിൽ നിന്നും ചൈന പിന്മാറിയതിന് പിന്നാലെയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ അമേരിക്കൻ ഇറക്കുമതിക്ക് അമേരിക്ക ഏർപ്പെടുത്തുന്നതിനേക്കാൾ ഉയർന്ന തീരുവ ചുമത്തുന്നുവെന്നും ട്രംപ് ആരോപിച്ചു.

SCROLL FOR NEXT