NEWSROOM

വധശ്രമത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി ട്രംപ്; ഈ അതിജീവനം ദൈവികമെന്ന് പ്രാസംഗികർ

തൻ്റെ വലതു ചെവി ബാൻഡേജ് കൊണ്ട് ഭാഗികമായി മറച്ചുകൊണ്ടായിരുന്നു ട്രംപ് പ്രത്യക്ഷപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ ദിവസം നടന്ന വധശ്രമത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. തൻ്റെ വലതു ചെവി ബാൻഡേജ് കൊണ്ട് ഭാഗികമായി മറച്ചുകൊണ്ടായിരുന്നു തിങ്കളാഴ്ച മിൽവാക്കിയിലെ റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷൻ വേദിയിൽ ട്രംപ് പ്രത്യക്ഷപ്പെട്ടത്. ട്രംപിനെ ജനങ്ങൾ വലിയ കരഘോഷങ്ങളോടെയും ആർപ്പുവിളികളോടെയും സ്വീകരിച്ചു.

ട്രംപിൻ്റെ അതിജീവനം ദൈവികമാണെന്നായിരുന്നു പ്രാസംഗികരുടെ വിശേഷണം. ജോ ബൈഡൻ്റെ കീഴിലുള്ള രാജ്യം, വിലക്കയറ്റത്താലും ഭവന വിലക്കുകളാലും കുടിയേറ്റക്കാരാലും ട്രാൻസ്‌ജെൻഡർ പ്രശ്‌നങ്ങളാലും നിറഞ്ഞിരിക്കുമെന്ന് അവർ പറയുന്നു. ഈ പ്രശ്‌നങ്ങളൊന്നുമില്ലാത്ത സമ്പന്ന രാജ്യമായി അമേരിക്കയെ മാറ്റുമെന്നും ട്രംപ് അനുകൂലികൾ പ്രസംഗിച്ചു.

അതേസമയം ഡൊണാൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി ഇന്ന് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ വ്യക്തമായ പിന്തുണ ലഭിച്ചതിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായി ഒഹായോയിൽ നിന്നുള്ള സെനറ്റർ ജെ.ഡി.വാൻസ് മത്സരിക്കും. ട്രംപാണ് വാൻസിൻ്റെ പേര് നിർദേശിച്ചത്. നേരത്തേ ട്രംപിൻ്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ ട്രംപ് ക്യാംപിലെ പ്രമുഖനായി മാറിക്കഴിഞ്ഞു.

അതിനിടെ തനിക്കുനേരെ ഉണ്ടായ വെടിവെപ്പ് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ഡൊണാൾഡ് ട്രംപിൻ്റെ പ്രതികരണം. 'ഞാൻ മരിക്കേണ്ടതായിരുന്നു. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു, അല്ലെങ്കിൽ ദൈവം തുണച്ചു'വെന്ന് ട്രംപ് പറഞ്ഞു. കൃത്യസമയത്ത് തല വെട്ടിക്കാനായതാണ് ഏറ്റവും വലിയ കാര്യമെന്നും ഇത്തരമൊരു രക്ഷപ്പെടൽ മുൻപ് കണ്ടിട്ടില്ലെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞതായും ട്രംപ് അറിയിച്ചു.

പെൻസിൽവാനിയയിൽ ശനിയാഴ്ച വൈകീട്ട് പ്രചരണറാലിയിൽ പങ്കെടുക്കവേയാണ് ട്രംപിനു നേരെ വെടിവെപ്പുണ്ടായത്. ട്രംപിൻ്റെ വലത് ചെവിക്ക് പരുക്കു പറ്റി. അക്രമണത്തിന് പിന്നിലെ ഉദ്ദേശം കണ്ടെത്താനുള്ള ശ്രമത്തിലാണ് യുഎസ് രഹസ്യാന്വേഷണ സംഘമായ എഫ്ബിഐ. അതേസമയം, പ്രചരണജാഥയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കടുത്ത സുരക്ഷവീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണസംഘത്തിന്‍റെ വിവരണം.

SCROLL FOR NEXT