NEWSROOM

"സമ്പന്നരായ ഇന്ത്യയെ യുഎസ് എന്തിന് സഹായിക്കണം?"; രാജ്യത്തിനായുള്ള തെരഞ്ഞെടുപ്പ് ഫണ്ട് റദ്ദാക്കി ട്രംപ്

തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു വകയിരുത്തിവന്നിരുന്ന 22 മില്യൺ ഡോളറാണ് അമേരിക്ക ഇന്ത്യക്ക് നൽകിയിരുന്നത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യക്കുള്ള തെരഞ്ഞെടുപ്പ് ഫണ്ട് റദ്ദാക്കികൊണ്ടുള്ള യുഎസ് കാര്യക്ഷമതാവകുപ്പിന്‍റെ തീരുമാനത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു വകയിരുത്തിവന്നിരുന്ന 22 മില്യൺ ഡോളറാണ് അമേരിക്ക ഇന്ത്യക്ക് നൽകിയിരുന്നത്. ഈ സഹായമാണ് ഇലോൺ മസ്കിൻ്റെ നേതൃത്വത്തിലുള്ള വകുപ്പ് റദ്ദാക്കിയത്.



വളരുന്ന സമ്പദ് വ്യവസ്ഥയുള്ള, ഉയർന്ന നികുതി ചുമത്തുന്ന ഇന്ത്യ പോലുള്ള രാജ്യത്തിനു ധനസഹായം നൽകേണ്ട ആവശ്യമില്ലെന്നാണ് ട്രംപിൻ്റെ നിലപാട്. "അമേരിക്ക എന്തിനാണ് ഇന്ത്യക്ക് 21 മില്യൺ ഡോളർ നൽകുന്നത്. ഇന്ത്യക്ക് കൂടുതൽ പണമുണ്ട്. അമേരിക്കയെ സംബന്ധിച്ച് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഞാൻ വളരെയധികം ബഹുമാനിക്കുന്നു. പക്ഷെ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പു വരുത്താൻ 21 മില്യൺ ഡോളർ എന്തിനു നൽകണം," ഇതായിരുന്നു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കുന്ന സമയത്തുള്ള ട്രംപിൻ്റെ പ്രതികരണം.

യുഎസ് നികുതിദായകരുടെ പണം പാഴായിപ്പോകുന്ന വൈദേശിക ധനസഹായങ്ങളുടെ പട്ടിക പുറത്തെത്തിയിരുന്നു. ഇതോടെയാണ് വോട്ടിങ് ശതമാനം ഉയർത്തുന്നതിന് ഇന്ത്യക്ക് യുഎസ് ധനസഹായം നൽകിയിരുന്നതായി വെളിവായത്. ഫെബ്രുവരി 16 നാണ് ഇലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള ഭരണകാര്യക്ഷമതാ വകുപ്പ് പട്ടിക എക്സിൽ പങ്കുവെച്ചത്.

അമേരിക്കയുടെ തീരുമാനം ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയവിവാദത്തിന് തിരികൊളുത്തി. ഭരണകക്ഷിയായ ബിജെപി വിഷയത്തിൽ പ്രതിപക്ഷത്തെ വിമർശിച്ചു .കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാർ, രാജ്യ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ചില ശക്തികള്‍ക്ക് ഇന്ത്യയെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ അവസരങ്ങളും നൽകിയെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനെല്ലാം പിന്നിൽ ശതകോടീശ്വരനായ ജോർജ്ജ് സോറോസ് ആണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്‌സിൽ കുറിച്ചു.

അതേസമയം, ബിജെപിയുടെ വിമർശനത്തിനു പിന്നിൽ ശക്തമായ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. നമ്മുടെ ജനാധിപത്യ പ്രക്രിയയിലോ തെരഞ്ഞെടുപ്പ് പ്രക്രിയയിലോ ഏതെങ്കിലും തരത്തിലുള്ള വിദേശ ഇടപെടൽ അനാവശ്യമാണെന്നും അതിനെ എതിർക്കുന്നുവെന്നും കോൺഗ്രസ് നേതാവ് അജയ് മാക്കൻ പ്രതികരിച്ചു.

SCROLL FOR NEXT