NEWSROOM

ഹഷ് മണി കേസിൽ ട്രംപിന് തിരിച്ചടി; കേസ് തള്ളിക്കളയാനാവില്ലെന്ന് ന്യൂയോർക്ക് കോടതി

കേസ് ഇല്ലാതാക്കാനാവില്ലെന്നും പ്രസിഡന്റ് എന്ന സംരക്ഷണം കേസിൽ ബാധകമല്ലെന്നും ന്യൂയോർക്ക് കോടതി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ഹഷ് മണി കേസിൽ നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. പോൺ സ്റ്റാർ സ്റ്റോമി ഡാനിയേലുമായുള്ള ലൈംഗികബന്ധം മറച്ചുവെയ്ക്കാൻ ട്രംപ് പണം നൽകിയെന്ന കേസിൽ വ്യാജരേഖ തയ്യാറാക്കിയെന്ന കുറ്റം നിലനിൽക്കുമെന്ന് കോടതി അറിയിച്ചു. കേസ് ഇല്ലാതാക്കാനാവില്ലെന്നും പ്രസിഡന്റ് എന്ന സംരക്ഷണം കേസിൽ ബാധകമല്ലെന്നും ന്യൂയോർക്ക് കോടതി വ്യക്തമാക്കി.

അമേരിക്കൻ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള ഹഷ് മണി കേസ് തള്ളിക്കളയണമെന്ന വാദമാണ് ന്യൂയോർക്ക് കോടതി തള്ളിയത്. പോൺ സ്റ്റാർ നടി സ്റ്റോമിൻ ഡാനിയേലുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാൻ 2016ലെ തെരഞ്ഞെടുപ്പിന് മുൻപ് ട്രംപ് 1,30,000 ഡോളർ നടിക്ക് നൽകി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പണം നൽകിയതെന്നാണ് ട്രംപിൻ്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ വാദിച്ചത്. താൻ നിരപരാധിയാണെന്നും ഡെമോക്രാറ്റുകളുടെ തന്ത്രമാണിതെന്നുമാണ് 2024ലെ തെരഞ്ഞെടുപ്പ് ക്യാംപെയ്നിൽ ട്രംപ് പറഞ്ഞത്.

കഴിഞ്ഞ വർഷം ന്യൂയോർക്ക് കോടതിയിൽ ഹാജരായ സ്റ്റോമിയുടെ തുറന്നുപറച്ചിൽ കേസിൻ്റെ ഗതി മാറ്റി. ട്രംപിനെ കണ്ടുമുട്ടിയതും വിരുന്നിനുള്ള ക്ഷണം സ്വീകരിച്ചിരുന്നുവെന്നും, ‘ദ അപ്രൻ്റിസ്' എന്ന റിയാലിറ്റി ഷോയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്ത് താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നും, പിന്നീട് വാഗ്ദാനം പാലിച്ചില്ലെന്നും, മനസിലായതോടെ ബന്ധം ഉപേക്ഷിച്ചുവെന്നുമാണ് സ്റ്റോമി മൊഴി നൽകിയത്.

പ്രസിഡൻ്റിന് ലഭിക്കുന്ന സംരക്ഷണം സംബന്ധിച്ച് ജഡ്ജി ജുവാൻ മെർഷൻ കൃതൃമായി കോടതിയിൽ പരാമർശിക്കുന്നുണ്ട്. ഔദ്യോഗിക കാര്യങ്ങളിൽ മാത്രമായിരിക്കും ഈ സംരക്ഷണം. കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകൾ ട്രംപിൻ്റെ ഔദ്യോഗിക കൃതൃനിർവഹണവുമായി ബന്ധപ്പെട്ടതല്ലെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 34 ബിസിനസ് റെക്കോർഡുകൾ ട്രംപ് വ്യാജമായി നിർമ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

നവംബർ 26നാണ് ഹിയറിംഗ് നടക്കേണ്ടിയിരുന്നതെങ്കിലും നവംബർ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിനാൽ ജഡ്ജി ജുവാൻ മെർചൻ വാദം മാറ്റിവെയ്ക്കുകയായിരുന്നു. ലൈംഗികാരോപണ അപ്പീലിൽ തീർപ്പ് കൽപ്പിക്കാതെ വൈറ്റ് ഹൗസിലേക്ക് കടക്കുന്ന ആദ്യ പ്രസിഡൻ്റായിരിക്കും ട്രംപ്.


SCROLL FOR NEXT