NEWSROOM

താരിഫ് വർധനയിൽ ഭിന്നാഭിപ്രായം; സംഭാഷണം നടത്തി ട്രംപും ക്ലോഡിയ ഷെയിൻബോമും

അനധികൃത കുടിയേറ്റവും മയക്കുമരുന്നും തടയാനുള്ള ശ്രമത്തിൻ്റെ ഭാഗമായി കാനഡയിലും മെക്സിക്കോയിലും പുതിയ താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇരു നേതാക്കളും സംസാരിച്ചത്

Author : ന്യൂസ് ഡെസ്ക്

നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും മെക്‌സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോമും യുഎസ് അതിർത്തി പ്രതിസന്ധിയിൽ സംഭാഷണം നടത്തി. അനധികൃത കുടിയേറ്റവും മയക്കുമരുന്നും തടയാനുള്ള ശ്രമത്തിൻ്റെ ഭാഗമായി കാനഡയിലും മെക്സിക്കോയിലും പുതിയ താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇരു നേതാക്കളും സംസാരിച്ചത്. മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോമുമായി ഫോണിൽ സംസാരിച്ചതിനു ശേഷം അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ മെക്സിക്കോ സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.

എന്നാൽ അതിർത്തികൾ അടയ്ക്കുകയല്ല, മറിച്ച് സർക്കാരുകൾക്കും ജനങ്ങൾക്കുമിടയിൽ പാലങ്ങൾ പണിയുകയാണ് മെക്‌സിക്കോയുടെ നിലപാടെന്ന് മെക്‌സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം പാർഡോ പ്രതികരിച്ചു. കുടിയേറ്റ വിഷയങ്ങളെകുറിച്ചും സുരക്ഷാ പ്രശ്‌നങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഫെൻ്റനൈൽ ഉപയോഗം തടയുന്നതിനെ സംബന്ധിച്ചും ഇരുവരും സംസാരിച്ചുവെന്ന് ഷെയ്ൻബോം പറഞ്ഞു.

യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും അവസാനിച്ചാൽ മാത്രമേ മെക്സിക്കോയുടെയും കാനഡയുടെയും ഇറക്കുമതി തീരുവ നീക്കം ചെയ്യപ്പെടുകയുള്ളൂവെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഫെൻ്റനൈൽ മയക്കുമരുന്നിൻ്റെ കള്ളക്കടത്ത് തടയുന്നത് വരെ ചൈനയും ഉയർന്ന താരിഫുകൾക്ക് വിധേയമാകും. എന്നാൽ അമേരിക്ക താരിഫ് ഉയർത്തുകയാണെങ്കിൽ മെക്സിക്കോയും താരിഫ് ഉയർത്തുമെന്ന് ഷീൻബോം പ്രതികരിച്ചു. അതേസമയം, ട്രംപിൻ്റെ താരിഫ് ഭീഷണിയോട് എങ്ങനെ പ്രതികരിക്കണമെന്ന് ചർച്ച ചെയ്യാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടിയന്തര യോഗം ചേർന്നു. അടുത്തിടെ നടന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു അനധികൃത കുടിയേറ്റം.

SCROLL FOR NEXT