യുഎസിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകാൻ 27കാരിയായ കരോലിൻ ലെവിറ്റ്. നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപാണ് പ്രസ് സെക്രട്ടറിയെ പ്രഖ്യാപിച്ചത്. ലെവിറ്റ് മിടുക്കിയും, വളരെ മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ സാധിക്കുന്ന വ്യക്തിയുമാണെന്ന് ഡൊണാൾഡ് ട്രംപ് പ്രശംസിച്ചു. അമേരിക്കൻ ജനതയിലേക്ക് വ്യക്തമായി തങ്ങളുടെ ആശയമെത്തിക്കാൻ ലെവിറ്റിന് സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ജൂലൈയിൽ തൻ്റെ ആദ്യ പ്രസവത്തിൻ്റെ പശ്ചാത്തലത്തിലും യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി ലെവിറ്റ് പ്രചാരണ രംഗത്ത് സജീവമായിരുന്നു. ട്രംപിൻ്റെ ദേശീയ പ്രസ് സെക്രട്ടറിയായും ലെവിറ്റ് സേവനമനുഷ്ടിച്ചിട്ടുണ്ട്. ട്രംപിൻ്റെ ആദ്യ ടേമിൽ അസിസ്റ്റൻ്റ് പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചതിന് ശേഷം, 2022ൽ സ്വന്തം സംസ്ഥാനമായ ന്യൂ ഹാംഷെയറിൽ നിന്ന് ജനപ്രതിനിധിയായി ഇവർ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. യുഎൻ അംബാസഡറായി ട്രംപ് നാമനിർദ്ദേശം ചെയ്ത കോൺഗ്രസുകാരി എലീസ് സ്റ്റെഫാനിക്കിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും ലെവിറ്റ് പ്രവർത്തിച്ചിട്ടുണ്ട്.
രണ്ടാം തവണ പ്രസിഡൻ്റ് സ്ഥാനത്ത് എത്തിയതിന് പിന്നാലെ സ്വന്തം കാബിനറ്റിലെ സുപ്രധാന പദവികളിൽ വിശ്വസ്തരെ നിയമിക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസ് അവതാരകനും മുൻ സൈനികനുമായ പീറ്റർ ഹെഗ്‌സെത്തിന് ഡിഫൻസ് സെക്രട്ടറി ചുമതല നൽകുമെന്നും ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു. ശതകോടീശ്വരൻ ഇലോൺ മസ്‌കും ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും എത്തിയേക്കുമെന്ന വാർത്തയും പുറത്തുവന്നിരുന്നു. ഇരുവർക്കും കാര്യക്ഷമതാ വകുപ്പിൻ്റെ ചുമതലയാണ് നൽകുക. തെരഞ്ഞെടുപ്പ് ക്യാംപെയിൻ മാനേജരായിരുന്ന സൂസി വൈൽസ് വൈറ്റ് ഹൗസ് സ്റ്റാഫുകളുടെ ചീഫായേക്കും. ചീഫ് ഓഫ് സ്റ്റാഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, നാഷണൽ ഇൻ്റലിജൻസ് ഏജൻസി ഡയറക്ടർ എന്നീ വകുപ്പുകളിൽ മാർക്കോ റൂബിയോ, തുൾസി ഗബ്ബാർഡ്, മാറ്റ് ഗേറ്റ്സ് എന്നിവരെയും നിയമിച്ചേക്കും.