അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമമുണ്ടാകുന്നതിന് മിനുറ്റുകള്‍ക്ക് മുന്‍പ് അക്രമിയായ തോമസ് ക്രൂക്കിനെ മൂന്ന് പോലീസ് സ്നൈപ്പര്‍മാര്‍ കണ്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. സംരക്ഷിത മേഖലയായിരുന്നിട്ടു കൂടി ഈ പ്രദേശത്ത് ഒരു തോക്കുധാരി എങ്ങനെ സ്ഥാനം പിടിച്ചെന്ന ചോദ്യം യുഎസ് സീക്രട്ട് സ്‌നൈപ്പര്‍മാര്‍ക്ക് നേരെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അക്രമിയെ സ്‌നൈപ്പര്‍മാര്‍ കണ്ടിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
കെട്ടിടത്തിന് മുകളില്‍ തോക്കുധാരിയായ ഒരാള്‍ നില്‍ക്കുന്നതും ഇത് ആളുകള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാന്‍ ശ്രമിക്കുന്നതിന്റെയും മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം അക്രമി വെടിയുതിര്‍ക്കുമ്പോള്‍ നിന്നിരുന്ന കെട്ടിടത്തിനകത്ത് സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ട്രംപിന്റെ റാലി നടക്കുന്നിടത്തേക്ക് തിരിഞ്ഞു നില്‍ക്കുന്ന രീതിയിലായിരുന്നു സ്‌നൈപ്പര്‍മാര്‍ നിന്നിരുന്നത്. ഇവര്‍ ക്രൂക്‌സിനെ കെട്ടിടത്തിന് പുറത്ത് നില്‍ക്കുന്നതായി കണ്ടിരുന്നുവെന്നാണ് പറയുന്നത്.
പുറത്തു നിന്നിരുന്ന ക്രൂക്ക്‌സ് കെട്ടിടത്തിന് മുകളിലേക്ക് നോക്കുന്നതാണ് സ്‌നൈപ്പര്‍മാര്‍ കണ്ടത്. എന്നാല്‍ നിരീക്ഷിച്ചുകൊണ്ടിരിക്കെ തന്നെ ക്രൂക്ക്‌സ് അപ്രത്യക്ഷനായി. പിന്നീട് ക്രൂക്ക്‌സ് വീണ്ടും പുറത്ത് വരികയും തന്റെ ഫോണില്‍ നോക്കുകയും ചെയ്തു. ഈ സമയം മറ്റൊരു സ്‌നൈപ്പര്‍ ഇയാളുടെ ഫോട്ടോ എടുത്തതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.
വീണ്ടും അവിടെ നിന്ന് അപ്രത്യക്ഷനായ ക്രൂക്ക്‌സ് മൂന്നാമതും തിരിച്ചെത്തുന്നത് കൈയ്യില്‍ ഒരു ബാഗുമായാണ്. ഇയാള്‍ ബാഗുമായി കെട്ടിടത്തിന് പിന്നിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട്് സ്‌നൈപ്പര്‍മാര്‍ മറ്റു ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു. ഇവര്‍ സ്ഥലത്ത് എത്തുമ്പോഴേക്കും ട്രംപിനെതിരായ വധശ്രമം നടക്കുകയും സ്‌നൈപ്പര്‍മാരിലൊരാള്‍ ക്രൂക്ക്‌സിനെ വെടിവെച്ചു വീഴ്ത്തുകയും ചെയ്തു.
പെന്‍സില്‍വാനിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു ട്രംപിന് നേരെ അക്രമി വെടിയുതിര്‍ത്തത്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ട്രംപിന്റെ ചെവിക്ക് പരുക്ക് പറ്റിയിരുന്നു. യുഎസ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ട്രംപ് നടത്തിയ പ്രചാരണ റാലിക്കിടെ 500 അടി അകലെയുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് തോമസ് ക്രൂക്ക് വെടിയുതിര്‍ത്തത്.
ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് യുഎസ് രഹസ്യാന്വേഷണ സംഘമായ എഫ്ബിഐ. സുരക്ഷാസേനയുടെ സ്‌നൈപ്പര്‍ അറ്റാക്കില്‍ കൊല്ലപ്പെട്ട തോമസ് മാത്യൂ ക്രൂക്‌സ് ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും എഫ്ബിഐ പറയുന്നു. കാറില്‍ നിന്ന് ബോംബ് നിര്‍മാണ സാമഗ്രികള്‍ അടക്കം കണ്ടെടുത്ത പശ്ചാത്തലത്തില്‍ ഭീകര സംഘടനകളുമായുള്ള ബന്ധവും പരിശോധിച്ചുവരികയാണ്.
കൊല്ലപ്പെട്ട തോമസ് ക്രൂക്ക്‌സിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലും ദുരൂഹത തുടരുകയാണ്. പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്തതായി രേഖകള്‍ കാണിക്കുമ്പോഴും, 2021 ജനുവരി 20-ന് ഡെമോക്രാറ്റിക് പാര്‍ട്ടി ഫണ്ടിലേക്ക് ഇയാള്‍ 15 ഡോളര്‍ സംഭാവന ചെയ്തതായും കണ്ടെത്തി. ഇയാളുടെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും രാഷ്ട്രീയ ചായ്വ് വ്യക്തമാകുന്ന പോസ്റ്റുകളോ തെളിവുകളോ ഇതുവരെ കണ്ടെത്താനായിട്ടില്ല.