NEWSROOM

"മോശം കഥകൾ പ്രചരിപ്പിക്കുന്നു"; യുഎസ് പ്രസിഡന്‍റായാല്‍ ഗൂഗിളിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ ട്രംപ്

യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍,രാജ്യത്തെ നിയമ വ്യവസ്ഥക്കെതിരല്ലെങ്കില്‍, ഗൂഗിളിനെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ട്രംപ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗൂഗിളിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ നിർദേശം നല്‍കുമെന്ന് റിപ്പബ്ലിക്കന്‍‌ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപ്. ട്രംപിനെതിരെ നെഗറ്റീവ് വാർത്തകള്‍ പ്രദർശിപ്പിക്കുന്നു എന്നാണ് ഗൂഗിളിനെതിരെ ഉയർത്തുന്ന ആരോപണം. കമലാ ഹാരിസിനെതിരെയുള്ള വാർത്തകള്‍ സെർച്ച് എന്‍ജിന്‍ ഒഴുവാക്കുന്നുവെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാർഥി കുറ്റപ്പെടുത്തുന്നുണ്ട്. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ആരോപണങ്ങള്‍ ഉന്നയിച്ചത്.

"ഡൊണാൾഡ് ജെ. ട്രംപിനെക്കുറിച്ചുള്ള മോശം കഥകൾ മാത്രം വെളിപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു സംവിധാനം, ഗൂഗിൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തി. ചിലത് ഇതിനുവേണ്ടി നിർമിച്ചതാണ്, അതേസമയം, കമലാ ഹാരിസിനെക്കുറിച്ചുള്ള നല്ല കഥകൾ മാത്രം വെളിപ്പെടുത്തുന്നു", ട്രംപ് പോസ്റ്റില്‍ കുറിച്ചു.

Also Read: ഐക്യരാഷ്ട്രസഭയിൽ 'ശാപവും അനുഗ്രഹവുമായ' രാജ്യങ്ങളുടെ ഭൂപടം പ്രദർശിപ്പിച്ച് നെതന്യാഹു; ഇന്ത്യ അനുഗ്രഹം, പലസ്തീനെ പൂർണമായും ഒഴിവാക്കി

തെരഞ്ഞെടുപ്പില്‍ ഇടപെടുന്ന തരത്തിലുള്ള ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ക്കെതിരെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റ് ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണം. യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് എതിരല്ലെങ്കില്‍, ഗൂഗിളിനെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമലാ ഹാരിസിനേക്കാള്‍ നെഗറ്റീവ് വാർത്തകള്‍ ട്രംപിന്‍റെ പ്രചരണവുമായി ബന്ധപ്പെട്ടുണ്ടാകാനുള്ള സാധ്യതയെ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് അഭിസംബോധന ചെയ്തില്ല. ഏതെങ്കിലും ഒരു സ്ഥാനാർഥിക്ക് അനുകൂലമായി സെർച്ച് റിസൽട്ടില്‍ ക്രമക്കേടുകള്‍ വരുത്താറില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഗൂഗിള്‍ ഡെമോക്രാറ്റുകളെ സഹായിക്കുന്നുവെന്നാണ് റിപ്പബ്ലിക്കന്‍ അനുകൂലിയായ വലതുപക്ഷ മാധ്യമ ഗവേഷണ സ്ഥാപനങ്ങള്‍ പറയുന്നത്.

കമലാ ഹാരിസിനെക്കുറിച്ച് ഗാർഡിയൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളില്‍ വരുന്ന വാർത്തകള്‍ തലക്കെട്ടുകള്‍ മാറ്റി ഗൂഗിൾ സെർച്ച് റിസള്‍ട്ടിലെ "സ്‌പോൺസേർഡ്" ഫീച്ചർ ഉപയോഗിച്ച് ഡെമോക്രാറ്റിക് പ്രചരണ വിഭാഗം പ്രചരിപ്പിക്കുന്നുവെന്നും ട്രംപ് പക്ഷം ആരോപിക്കുന്നുണ്ട്. പ്രസിഡന്‍റായാല്‍, തെരഞ്ഞെടുപ്പ് ക്രമക്കേട് നടത്തുമെന്ന് ട്രംപ് വിശ്വസിക്കുന്ന അഭിഭാഷകർ, ഫണ്ടർമാർ, രാഷ്ട്രീയ പ്രവർത്തകർ എന്നിങ്ങനെ മറ്റു പലർക്കുമെതിരെ നടപടിയെടുക്കുമെന്ന് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. 2020 ജനുവരി 6ന് നടന്ന ക്യാപ്പിറ്റോള്‍ ആക്രമണം തടയാതിരുന്നതിന് മുന്‍ വൈറ്റ് ഹൗസ് സ്പീക്കർ നാന്‍സി പെളോസിയെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ട്രംപ് പറഞ്ഞു. 2020 തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന ജോ ബൈഡനോട് തോറ്റിട്ടും സമാധാനപരമായി അധികാരം കൈമാറാന്‍ വിസമ്മതിച്ച് ട്രംപ് അനുകൂലികളാണ് ക്യാപ്പിറ്റോള്‍ ആക്രമിച്ചത് എന്ന വസ്തുത നിലനില്‍ക്കെയായിരുന്നു ട്രംപിന്‍റെ ഭീഷണി.

Also Read: ലബനനിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ; ലക്ഷ്യം ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ല

നവംബർ 5നാണ് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. ഭൂരിപക്ഷം സർവേ ഫലങ്ങളും ഡൊണാള്‍ഡ് ട്രംപിനെ പിന്തള്ളി കമലാ ഹാരിസ് മുന്നേറുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട മൂന്നിടങ്ങളിൽ ട്രംപിന് 45 മുതൽ 49 ശതമാനം വരെ മുന്നേറ്റമുണ്ടായേക്കുമെന്നും ചില യുഎസ് മാധ്യമങ്ങൾ വിലയിരുത്തുന്നുണ്ട്. അരിസോണ, ജോർജിയ, നോർത്ത് കരോളിന എന്നിവിടങ്ങളിൽ ട്രംപിന് മുൻതൂക്കം ലഭിക്കുമെന്നാണ് പ്രവചനം.

SCROLL FOR NEXT