ഡൊണാൾഡ് ട്രംപ് 
NEWSROOM

'ബന്ദികളെ ഉടൻ മോചിപ്പിക്കണം, ഗാസ വിട്ടുപോകണം'; ഹമാസിന് ട്രംപിന്‍റെ അന്ത്യശാസനം

ഹമാസുമായി ചർച്ച നടത്താനുള്ള സാധ്യതയെക്കുറിച്ച് യുഎസ് സർക്കാർ ഇസ്രയേലുമായി സംസാരിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ഹമാസിന് അന്ത്യശാസനയുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ഉടൻ ​ഗാസ വിട്ടുപോകണമെന്നുമാണ് ഹമാസിന് ട്രംപ് നൽകിയിരിക്കുന്ന നിർദേശം. ഗാസയിൽ പുതിയ വെടിനിർത്തലും ബന്ദി കരാറും ഉണ്ടാക്കുന്നതിനായി ട്രംപിന്റെ ബന്ദികാര്യ പ്രതിനിധി ആദം ബോഹ്‌ലറും ഹമാസ് പ്രതിനിധികളും തമ്മിൽ ദോഹയിൽ നേരിട്ട് രഹസ്യ ചർച്ചകൾ നടന്നതിനു പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസനമെന്ന് ആക്സിയോണ്‍ റിപ്പോർട്ട് ചെയ്യുന്നു. 1997ൽ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനു ശേഷം യുഎസ് ഹമാസുമായി നേരിട്ട് ഇടപെട്ടിട്ടില്ല.

സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലായിരുന്നു ട്രംപിന്‍റെ ഭീഷണി. 'ശാലോം ഹമാസ്' എന്നാൽ ഹലോ ആൻഡ് ഗുഡ്‌ബൈ എന്നാണ് അർത്ഥമാക്കുന്നത് - നിങ്ങൾക്ക് തിരഞ്ഞെടുക്കാം. എല്ലാ ബന്ദികളെയും ഇപ്പോൾ വിട്ടയയ്ക്കുക, പിന്നീട് അല്ല. നിങ്ങൾ കൊലപ്പെടുത്തിയ ആളുകളുടെ എല്ലാ മൃതദേഹങ്ങളും ഉടൻ തിരികെ നൽകുക. അല്ലെങ്കിൽ നിങ്ങൾ അവസാനിച്ചു', ട്രംപ് കുറിച്ചു. ബന്ദികളെ മോചിപ്പിക്കാത്ത പക്ഷം ഹമാസിനെ അവസാനിപ്പിക്കാന്‍ വേണ്ട എല്ലാ സഹായങ്ങളും ഇസ്രയേലിനു നല്‍കുമെന്നും യുഎസ് പ്രസിഡന്‍റ് അറിയിച്ചു. 

ഹമാസുമായി ചർച്ച നടത്താനുള്ള സാധ്യതയെക്കുറിച്ച് യുഎസ് സർക്കാർ ഇസ്രയേലുമായി സംസാരിച്ചിരുന്നു. എന്നാൽ ഇസ്രയേലിന്റെ ഭാ​ഗത്ത് നിന്നും നടപടിയൊന്നും വരാത്തതിനെ തുടർന്നാണ് യുഎസ് മറ്റ് മാർ​ഗങ്ങളിലൂടെ ഹമാസുമായി ചർച്ച നടത്തിയത്. ഹമാസുമായുള്ള ചർച്ചകൾ പ്രധാനമായും യുഎസ് ബന്ദികളെക്കുറിച്ചായിരുന്നു. എന്നാൽ, ​ഗാസയിൽ ദീർഘകാല വെടിനിർത്തൽ ഉറപ്പാക്കുന്നതിനായി, ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനാവശ്യമായ ഒരു വിശാലമായ കരാറിനെക്കുറിച്ചും ചർച്ചകൾ നടന്നിട്ടുണ്ടെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വൈറ്റ് ഹൗസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, വെടിനിർത്തൽ ചർച്ചകളുമായി ബന്ധപ്പെട്ട് ഖത്തർ പ്രധാനമന്ത്രിയെ കാണാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഹമാസിന് താൽപ്പര്യമില്ലെന്ന് കണ്ടതിനെത്തുടർന്ന് യാത്ര റദ്ദാക്കിയെന്നാണ് വിവരം.

ഹമാസിന് മുന്നറിയിപ്പുമായി മുൻപും പലതവണ ഡൊണാൾഡ് ട്രംപ് രം​ഗത്തെത്തിയിരുന്നു. ഗാസയുടെ നിയന്ത്രണം യുഎസ് ഏറ്റെടുക്കാൻ പൊകുകയാണെന്ന് പൊലും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹമാസുമായി ഒരു രഹസ്യ ചർച്ച ട്രംപ് ഭരണകൂടത്തിന്റെ ഭാ​ഗത്തുനിന്നുണ്ടായത് അപ്രതീക്ഷിതമായിരുന്നു. നിലവിൽ, ഗാസയിൽ 59 ബന്ദികളെയാണ് ഹമാസ് തടവിലാക്കിയിട്ടുള്ളത്. ഇതിൽ 35 പേർ മരിച്ചതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന ബന്ദികളിൽ അഞ്ച് പേർ യുഎസ് പൗരരാണ്.

ഗാസ ബന്ദി കരാറിന്റെ ആദ്യ ഘട്ടം ശനിയാഴ്ചയാണ് അവസാനിച്ചത്. കരാർ നീട്ടുന്നതിനുള്ള ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. യുദ്ധം പുനരാരംഭിച്ചിട്ടില്ലെങ്കിലും, ക്ഷാമം ബാധിച്ച ഗാസയിലേക്കുള്ള എല്ലാ സഹായങ്ങളും ഇസ്രയേൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

SCROLL FOR NEXT