മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. അതിൻ്റെ ഒത്ത മറുപടി കെ.ടി. ജലീൽ കൊടുക്കുന്നുണ്ട്. ജലീലിൻ്റെ വാർത്ത സമ്മേളനം കേരളത്തിലെ മാധ്യമങ്ങൾ കൊടുക്കുന്നില്ല. നിങ്ങൾ അത് കാണിക്കൂ എന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു.
പ്രത്യേക ലക്ഷ്യങ്ങളോടു കൂടിയുള്ള പ്രഹസനങ്ങൾ മാത്രമാണ് നടക്കുന്നത്. കേരളത്തിൽ സിപിഎം ക്രെഡിബിലിറ്റി ഉള്ള പാർട്ടിയാണ്. ആ പാർട്ടിയെയും മുഖ്യമന്ത്രിയെയും മോശമാക്കാൻ നടത്തുന്ന ഒരു ശ്രമങ്ങളും കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ല. ചെറിയ പ്രായം മുതൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ് പിണറായി വിജയൻ. അദ്ദേഹത്തിന് പിആർ ഏജൻസിയുടെ ആവശ്യം ഇല്ല. പത്രം തന്നെ അത് തിരുത്തി കഴിഞ്ഞുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ALSO READ: ജനങ്ങളെയോ സ്ഥലത്തെയോ മോശപ്പെടുത്തി സംസാരിക്കുന്ന സമീപനം ഇടതുപക്ഷത്തിനില്ല: കെ.എൻ. ബാലഗോപാൽ
പ്രതിപക്ഷത്ത് നിന്നും നിരവധി നേതാക്കൾ ഇതിനകം കഴിഞ്ഞ ദിവസം ദ ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച പിണറായി വിജയൻ്റെ വിവാദ അഭിമുഖത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ദ ഹിന്ദുവിൽ നൽകിയ അഭിമുഖത്തിൽ വന്ന പരാമർശങ്ങളിൽ പ്രതികരണം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തന്നെ നൽകിയിരുന്നു. നമ്മുടെ സംസ്ഥാനത്തെ ഒരു ജില്ലയേയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെപ്പറ്റി തന്റെ ഭാഗത്ത് നിന്ന് മുൻപും പരാമർശം ഉണ്ടായിട്ടില്ല. എന്നാൽ ചില കാര്യങ്ങളിൽ വിയോജിപ്പ് പറയാറുണ്ട്. വർഗീയത അടക്കമുള്ള കാര്യങ്ങളിലുള്ള വിയോജിപ്പ് മുൻപും തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി മാറ്റി; സ്പീക്കര്‍ക്ക് കത്തു നല്‍കി പ്രതിപക്ഷ നേതാവ്