NEWSROOM

അവനെ വേട്ടയാടാൻ തുടങ്ങിയിട്ട് നാൾ ഏറെയായി, ഓടി രക്ഷപ്പെട്ടത് ആരോ ഉപദ്രവിക്കാൻ വരുന്നുവെന്ന് കരുതി: ഷൈൻ ടോമിൻ്റെ അമ്മ ന്യൂസ് മലയാളത്തോട്

മകനെ കുറിച്ച് ഒരു നടിയും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും നടൻ്റെ അമ്മ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

നടി വിന്‍സി അലോഷ്യസിന്റെ പരാതിക്ക് പിന്നാലെ നടന്‍ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഓടിയത് ആരോ ഉപദ്രവിക്കാൻ വരുന്നു എന്ന് കരുതിയിട്ടെന്ന് നടൻ്റെ കുടുംബം. ഷൈനിനെ ഏറെ നാളായി വേട്ടയാടുന്നു. മകനെ കുറിച്ച് ഒരു നടിയും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും നടൻ്റെ അമ്മ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

ഷൈൻ ടോം ചാക്കോ എറണാകുളത്ത് നിന്നത് ജോലിയുമായി ബന്ധപ്പെട്ടാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഹോട്ടലിൽ കഴിഞ്ഞത്. കുറച്ച് ദിവസമായി പലവിധ ആരോപണങ്ങൾ ഉയർന്നതോടെ ഷൈൻ അതീവ ദുഃഖത്തിലായിരുന്നു. ഷൈൻ ഓടി രക്ഷപ്പെട്ടതാണ്. ഷൈനെ ആരോ ഉപദ്രവിക്കാൻ വരുന്നു എന്ന് കരുതിയാണ് ഓടി രക്ഷപ്പെട്ടത്. ഷൈനെ വേട്ടയാടാൻ തുടങ്ങിയിട്ട് നാൾ ഏറെയായി. ഇപ്പോൾ ഉയർന്ന് വരുന്ന ആരോപണം നാല് മാസം മുൻപ് പൂർത്തിയായ സിനിമയുടെ സെറ്റിലുള്ളതാണ്. ഷൈൻ ടോം ചാക്കോയെ കുറിച്ച് ഒരു നടിയും ഇതുവരെ ഒരു പരാധിയും പറഞ്ഞിട്ടില്ലെന്നും അമ്മ പ്രതികരിച്ചു.

ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഷൈനിനെ ഇതുവരെ ഫോണിൽ ബന്ധപ്പെടാനായില്ല. നോട്ടീസ് അയച്ച് നേരിട്ട് വിളിപ്പിക്കാനാണ് നീക്കം.

അതേസമയം, വിൻ സിയുടെ പരാതിയിൽ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഒരുങ്ങി എ.എം.എം.എ. ഷൈൻ ടോമിനെതിരായ പ്രാഥമീക റിപ്പോർട്ട് ഇന്നോ നാളെയോ സമർപ്പിക്കും. വിൻസിയിൽ നിന്നും വിനു മോഹൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സിനിമയുടെ അണിയറ പ്രവർത്തകരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സിനിമയുടെ അണിയറ പ്രവർത്തകരോടും സംഘം കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

ഷൈൻ ടോം ചാക്കൊയ്‌ക്കെതിരെ സിനിമ സഘടനകളും കടുത്ത നടപടി സ്വീകരിക്കുമെന്നാണ് വിവരം. ഷൈനിൻ്റെ വിശദീകരണം കൂടി കേട്ട ശേഷമാകും നടപടി എടുക്കുക. ഫിലിം ചേംബർ പ്രൊഡ്യൂസേർസ് അസോസിയേഷൻ, എ.എം.എം.എ എന്നീ സംഘടനകൾക്കാണ് നടി വിൻസി അലോഷ്യസ് പരാതി നൽകിയിട്ടുള്ളത്.  താരസംഘടനയായ അമ്മയിൽ നിന്ന് ഷൈൻ ടോം ചാക്കോയെ സസ്പെൻഡ് ചെയ്യാൻ സാധ്യതയുണ്ട്. സൂത്രവാക്യം എന്ന സിനിമ സെറ്റിൽ നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി എന്നായിരുന്നു വിൻസി അലോഷ്യസിന്റെ പരാതി.

SCROLL FOR NEXT