NEWSROOM

റീ-റിലീസിലെ മാജിക്; കരീന കപൂര്‍ ചിത്രത്തെ കടത്തിവെട്ടി തുംബാഡ്

ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണത്തിനു പിന്നാലെ രണ്ടാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

റീ-റീലീസില്‍ വിസ്മയമായി തുംബാഡ്. 2018 ല്‍ പുറത്തിറങ്ങി ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഇന്ത്യന്‍ സിനിമയിലെ മികച്ച ചിത്രങ്ങളിലൊന്നാണ് തുംബാഡ്. വെറും 15 കോടി ബജറ്റിലാണ് വിഷ്വല്‍ എഫക്ട്‌സിനെ അധികം ആശ്രയിക്കാതെ അതിശയിപ്പിക്കുന്ന ഫ്രെയിമുകളില്‍ തുംബാഡ് നിര്‍മിച്ചത്.

റിലീസ് ചെയ്ത കാലത്ത് തിയേറ്ററില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയാതിരുന്ന ചിത്രം ഒടിടിയില്‍ എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 13 കോടി രൂപ മാത്രമാണ് അന്ന് ചിത്രത്തിന് ആകെ നേടാനായത്. എന്നാല്‍ റീ-റിലീസില്‍ ചരിത്രം തിരുത്തി കുറിക്കുകയാണ് തുംബാഡ്.


ഒരു ദിവസത്തിനുള്ളില്‍ 1.50 കോടി രൂപയാണ് ചിത്രം നേടിയത്. ബോളിവുഡ് സൂപ്പര്‍ താരം കരീന കപൂര്‍ നായികയായ 'ദി ബക്കിംഗ്ഹാം മര്‍ഡേര്‍സ്' നൊപ്പമാണ് തുംബാഡും തിയേറ്ററുകളിലെത്തിയത്. കരീനയുടെ ചിത്രത്തേക്കാളും സ്വീകാര്യതയാണ് തുംബാഡിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹന്‍സല്‍ മെഹ്ത സംവിധാനം ചെയ്ത 'ദി ബക്കിംഗ്ഹാം മര്‍ഡേര്‍സ്' ന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ 1.25 കോടിയാണ്.

വരും ദിവസങ്ങളില്‍ തുംബാഡിന് സ്വീകാര്യത കൂടുമെന്നാണ് വിലയിരുത്തുന്നത്. ഒടിടിയില്‍ ചിത്രം കണ്ട് അതിശയിച്ചവര്‍ ദൃശ്യചാരുത തിയേറ്ററില്‍ അനുഭവിക്കാന്‍ എത്തുമെന്ന് ഉറപ്പാണ്. കൂടാതെ, പ്രധാന ഹിന്ദി റിലീസുകളൊന്നും അടുത്ത ദിവസങ്ങളില്‍ ഇല്ലാത്തതും തുംബാഡിന് ഗുണകരമാകും.

ബോക്‌സ് ഓഫീസില്‍ ചിത്രം പത്ത് കോടിയെങ്കിലും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണത്തിനു പിന്നാലെ രണ്ടാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റാഹി അനില്‍ ബാര്‍വെയാണ് ആദ്യ ഭാഗം സംവിധാനം ചെയ്തത്. മിതേഷ് ഷാ, അദേഷ് പ്രസാദ്, അനന്ദ് ഗാന്ധി, റാഹി അനില്‍ ബാര്‍വെ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

മഹാരാഷ്ട്രയിലെ തുംബാഡ് എന്ന ഗ്രാമത്തെ പശ്ചാത്തലമാക്കി പറയുന്ന ഹൊറര്‍ ഴോണറിലുള്ള ചിത്രമാണ് തുംബാഡ്.

SCROLL FOR NEXT