ആമയും മുയലും ഓട്ടമത്സരം നടത്തിയ കഥകേൾക്കാത്തവരുണ്ടാകുമോ?, സാധ്യത കുറവാണ്. മണ്ടച്ചാരായ മുയൽ ഓട്ടത്തിനിടെ മടിപിടിച്ച് ഇരുന്നുവെന്നും ആമ ഓടി മത്സരം ജയിച്ചെന്നുമാണ് കഥ. കാലം ഏറെ കഴിഞ്ഞിട്ടും കഥ അതു പോലെ തന്നെ പറഞ്ഞുകൊണ്ടേയിരുന്നു.
അങ്ങനെ കേട്ടു വളർന്ന കുട്ടിക്കഥ ശരിയാണോ എന്ന് പരിശോധിക്കുകയായിരുന്നു ചൈനയിലെ ഒരു കുട്ടി സംഘം. ഇത്തവണ കഥയിലെ കാടൊന്നുമായിരുന്നില്ല.നല്ല കിടിലൻ ട്രാക്ക് എല്ലാം സെറ്റാക്കി, ആമച്ചാരെയും ,മുയൽ സാറിനെയും ഓടാൻ വിട്ടു.
കഥകളൊന്നും വെറുതെയായില്ല. ആമ തന്നെ ജയിച്ചു. കഥകൾ പറഞ്ഞപോലെ മുയൽ അൽപദൂരം ഓടിക്കഴിഞ്ഞ് മടിച്ച് മടിച്ച് നിന്നുകളഞ്ഞു. ഏതായാലും മുത്തശ്ശിക്കഥ പരീക്ഷിച്ച് തെളിയിച്ച സന്തോഷത്തിലാണ് കുട്ടിക്കൂട്ടം.
വീഡിയോ വൈറലായതോടെ രസകരമായ കമൻ്റുമായി നിരവധിപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്.ആമ ജയിച്ചതിനേക്കാൾ മുയൽ തോറ്റതിനെയാണ് ആളുകൾ ആഘോഷമാക്കിയിരിക്കുന്നത്. ഈ മണ്ടൻ ജയിച്ചുകണ്ടാൽ മതിയെന്നും, കേട്ടതൊരു സത്യകഥ ആയിരുന്നുവെന്നുമെല്ലാം കമൻ്റുകൾ വന്നിട്ടുണ്ട്.