എഡിഎം നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം തെളിയിക്കാന്‍ നുണ പരിശോധന ആവശ്യപ്പെട്ട് ടി.വി. പ്രശാന്തന്‍ ഡിജിപിക്ക് പരാതി നല്‍കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തന്റെ പരാതിയില്‍ ഡിവൈഎസ്പി ഓഫീസില്‍ മൊഴി നല്‍കിയതല്ലാതെ താന്‍ നല്‍കിയ പണത്തിന്റെ സ്രോതസ്സിനെക്കുറിച്ചോ നവീന്‍ ബാബു പണം കൈപ്പറ്റിയതിന് ശേഷം നടത്തിയ മറ്റു പണമിടപാടുകളെക്കുറിച്ചോ വിജലന്‍സ് അന്വേഷിച്ചിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.
'നവീന്‍ ബാബുവിന് പണം നല്‍കിയതും പണം നല്‍കാന്‍ ഇടയായത് സംബന്ധിച്ച് ഞാന്‍ പരാതി നല്‍കിയതുമായ കാര്യങ്ങള്‍ സത്യമാണോ കളവാണോ എന്ന് അറിയുന്നതിന് എന്നെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയാല്‍ മനസിലാക്കാവുന്നതാണ്,' പരാതിയില്‍ പറയുന്നു.
പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിന്റെ ക്വാട്ടേഴ്‌സിലെത്തി പണം കൈമാറിയെന്നാണ് ടിവി പ്രശാന്തന്‍ പൊലീസിന് നല്‍കിയ മൊഴി. എഡിഎമ്മിന് നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എഡിഎമ്മിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.