ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 11 ഇന്ത്യക്കാരടക്കം 12 പേർക്ക് ദാരുണാന്ത്യം. ജോർജിയയിലെ ഇന്ത്യൻ റിസോർട്ടായ ഗുഡൗരിയിലെ റസ്റ്റോറൻ്റിലാണ് ഇന്ത്യക്കാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. തബ്ലിസിയയിലെ എംബസിയാണ് മരണവിവരം പുറത്തുവിട്ടത്. സംഭവം കൊലപാതകമാണോ എന്നതുള്‍പ്പെടെ അന്വേഷിക്കുമെന്ന് ജോര്‍ജിയ പൊലീസ് വ്യക്തമാക്കി.
മരിച്ച 12 പേരും റിസോര്‍ട്ടിന്റെ രണ്ടാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹോട്ടലിലെ ജീവനക്കാരാണ്. കൊല്ലപ്പെട്ട 12 പേരും ഇന്ത്യൻ പൗരന്മാരാണെന്നാണ് ടിബിലിസിയിലെ ഇന്ത്യൻ മിഷൻ അറിയിച്ചതെങ്കിലും, ഒരാൾ ജോർജിയൻ പൗരനാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രസ്താവന. ഹോട്ടലിലെ വിശ്രമ കേന്ദ്രത്തിന് സമീപത്തുനിന്നാണ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറികള്‍ക്ക് സമീപത്ത് നിന്നായി ഒരാളെയും മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈദ്യുതി തടസ്സം സംഭവിക്കുകയാണെങ്കിൽ ഉപയോഗിക്കാനായി റിസോർട്ടിൽ ഒരു പവര്‍ ജനറേറ്റര്‍ എത്തിച്ചിരുന്നു. ഇതില്‍ നിന്നാണോ വിഷവാതകമുണ്ടായതെന്നും പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധിക്കുന്നുണ്ട്.
പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ അക്രമത്തിൻ്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ജോർജിയയുടെ ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു. കാർബൺ മോണോക്സൈഡ് വിഷബാധ മൂലമാണ് എല്ലാവരും മരിച്ചതെന്നും പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപകടം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരെല്ലാം മരണപ്പെട്ടുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മൃതദേഹങ്ങള്‍ എത്രയും വേഗം ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും എംബസി അറിയിച്ചു.