NEWSROOM

ഒരു ലക്ഷം രൂപയും വാച്ചും മോഷ്ടിച്ച് കള്ളന്‍; അലമാരയില്‍ സുരക്ഷിതമായി 65 പവന്‍ സ്വര്‍ണം

63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയെന്നായിരുന്നു ബാലകൃഷ്ണൻ്റെ പരാതി

Author : ന്യൂസ് ഡെസ്ക്

ഒറ്റപ്പാലത്തിന് സമീപം ത്രാങ്ങാലിയിലെ വീട്ടില്‍ നടന്ന മോഷണത്തില്‍ വഴിത്തിരിവ്. 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയെന്നായിരുന്നു പരാതി. സംഭവത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി മടങ്ങിയപ്പോഴാണ് പരാതിക്കാരന് അലമാരയുടെ രണ്ടാമത്തെ അറയില്‍ നിന്നും സ്വര്‍ണം കിട്ടിയത്.

ഒറ്റപ്പാലം ത്രാങ്ങാലി സ്വദേശി ബാലകൃഷ്ണനാണ് 63 പവന്‍ കാണാതായതിന്റെ പേരില്‍ തീ തിന്നത്. ഇന്നലെ രാത്രി മകളുടെ വീട്ടില്‍ പോയ ബാലകൃഷ്ണന്‍ ഇന്ന് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് പണവും ആഭരണങ്ങളും നഷ്ടമായതായി കണ്ടത്. സ്വര്‍ണം വെച്ച അലമാര തുറന്നു. 63 പവന്‍ കാണാനില്ല, മറ്റൊരു അലമാരയില്‍ നിന്നും ഒരു ലക്ഷം രൂപയും പോയി. ഒരു റാഡോ വാച്ചും കാണാതായിരുന്നു.

ഇതോടെ പൊലീസില്‍ വിവരമറിയിച്ചു. ഉടനെ ഡോഗ് സ്‌ക്വാഡ് അടക്കം സംഭവ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധര്‍ വന്നു. പൊലീസ് ആകെ അരിച്ചുപെറുക്കി. പൊലീസെല്ലാം മടങ്ങിയപ്പോഴാണ് ചെന്നൈയിലുള്ള ഭാര്യ പറഞ്ഞത്. അലമാരയിലെ രണ്ടാമത്തെ അറയിലും പരിശോധിക്കാന്‍. രണ്ടാമത്തെ അറ തുറന്നതോടെ ബാലകൃഷ്ണന്റെ മനസ്സ് തണുത്തു. സ്വര്‍ണം അവിടെയുണ്ട്. ഇങ്ങനെയൊരു അറ ഉള്ള കാര്യം ഓര്‍ത്തില്ലെന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്.

സ്വര്‍ണം കിട്ടിയതിന്റെ സന്തോഷമുണ്ട്. ഒരു ലക്ഷം രൂപയും റാഡോ വാച്ചും മോഷ്ടിച്ച കള്ളനെ പൊലീസ് പിടികൂടുമെന്ന പ്രതീക്ഷയിലാണ് ബാലകൃഷ്ണന്‍.

SCROLL FOR NEXT