NEWSROOM

നാഗ്പൂരിൽ രണ്ട് കുട്ടികൾക്ക് HMPV സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 7 ആയി

ഏഴും നാലും വയസായ രണ്ട് കുട്ടികൾക്കാണ് നാഗ്പൂരിൽ രോഗബാധ സ്ഥിരീകരിച്ചത്

Author : ന്യൂസ് ഡെസ്ക്

രാജ്യത്തെ എച്ച്എംപിവി രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. ഏറ്റവുമൊടുവിലായി മഹാരാഷ്ട്രയിലെ നാഗ്പൂരിലും രണ്ട് കുട്ടികൾക്ക് എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചു. ഏഴും നാലും വയസായ രണ്ട് കുട്ടികൾക്കാണ് നാഗ്പൂരിൽ രോഗബാധ സ്ഥിരീകരിച്ചത്. ഈ മാസം മൂന്നിനാണ് കുട്ടികളെ പനിയും ചുമയും തുടർന്ന് നഗരത്തിലെ രാംദാസ്പേത്ത് ഭാഗത്തായുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പരിശോധനകൾക്ക് ശേഷമാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്.

എച്ച്എംപിവി കേസുകളുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. പനി, ചുമ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയുള്ളവർ മുൻകരുതലുകളെടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വൈറസിനെതിരായ പ്രതിരോധ നടപടികൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം
നിലവിലില്ലെന്നും സർക്കാർ അറിയിച്ചു.

നേരത്തെ തമിഴ്നാട്ടിലെ ചെന്നൈയിൽ രണ്ട് പേർക്കും, ഗുജറാത്ത് അഹമ്മദാബാദിലെ രണ്ട് വയസുകാരനും, ബെംഗളൂരുവിൽ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് മുഴുവൻ കുട്ടികളിലാണ്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജെ.പി. നദ്ദ എച്ച്എംപിവി ഒരു പുതിയ വൈറസല്ലെന്നും, 2001ൽ ഇത് ആദ്യമായി തിരിച്ചറിഞ്ഞതു മുതൽ നിരവധി വർഷങ്ങളായി ആഗോളതലത്തിൽ
ഈ വൈറസിൻ്റെ സാന്നിധ്യമുണ്ടെന്നും പറഞ്ഞു.

രോഗം സ്ഥിരീകരിച്ചുവെന്ന് പറഞ്ഞു കൊണ്ട് പ്രചരിക്കുന്ന ഭൂരിഭാഗം വാർത്തകളും തെറ്റാണെന്ന് മന്ത്രി വീണ ജോർജും പ്രതികരിച്ചു. ആദ്യമായാണ് ഇന്ത്യയില്‍ രോഗം എന്ന തരത്തിൽ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. ഇതിനു മുന്നേ രാജ്യത്ത് ഈ രോഗം സ്ഥിരീകരിച്ചിരുന്നു. 2001 മുതൽ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് മൂലമുള്ള ജലദോഷവും അനുബന്ധ രോഗങ്ങളും കാലങ്ങളായി റിപ്പോർട്ട് ചെയ്ത കാര്യമാണ്. കേരളത്തിൽ അതിനാവശ്യമായ പരിശോധനാ സംവിധാനമുണ്ട്. നിലവിൽ ഒരു തരത്തിലുള്ള ആശങ്കയുടെയും ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു.

SCROLL FOR NEXT