പ്രതീകാത്മക ചിത്രം 
NEWSROOM

ഉത്തര്‍പ്രദേശില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ തൂങ്ങി മരിച്ച നിലയില്‍; കൊലപാതകമെന്ന് കുടുംബം

18 വയസുള്ള ബബ്ലി ജാതവ്, 15 കാരിയായ ശശി ജാതവ് എന്നിവരെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു.

Author : ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശിൽ രണ്ട് ദളിത് പെൺകുട്ടികളെ മരത്തില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫറൂഖാബാദ് ജില്ലയിലാണ് 15 ഉം 18 ഉം വയസുള്ള പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാല്‍ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന പരാതിയുമായി പെൺകുട്ടികളുടെ കുടുംബം രംഗത്തെത്തി.


18 വയസുള്ള ബബ്ലി ജാതവ്, 15 കാരിയായ ശശി ജാതവ് എന്നിവരെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു. ജന്മാഷ്ടമി ആഘോഷത്തിനായി വീടിനടുത്തുള്ള ക്ഷേത്രത്തിൽ പോയ ഇവരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂട്ടിക്കെട്ടിയ രണ്ട് ദുപ്പട്ടകളിൽ മരത്തിൽ തൂങ്ങിയ നിലയിലാണ് ഇന്നലെ രാവിലെ ഇരുവരുടെയും ശരീരങ്ങൾ കണ്ടെത്തിയത്. പെൺകുട്ടികൾ സ്വയം ജീവനൊടുക്കി എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് ഫറൂഖാബാദ് എസ് പി അലോക് പ്രിയദർശനി പറഞ്ഞു.

എന്നാൽ പെൺകുട്ടികളുടേത് കൊലപാതകമാണെന്നും കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് പെൺകുട്ടികളുടെ കുടുംബത്തിന്‍റെ ആരോപണം. 10 അടി ഉയരത്തിലാണ് പെൺകുട്ടികളെ തൂങ്ങിയ  നിലയിൽ കണ്ടതെന്നും കൊലപാതകത്തെ പൊലീസ് ആത്മഹത്യയാക്കി മാറ്റുകയാണന്നും മരിച്ച ബബ്ലി ജാതവിൻ്റെ പിതാവ് രാംവീർ ജാതവ് ആരോപിച്ചു. രാത്രിയിൽ ഇത്രയും ഉയരത്തിൽ കയറി ആത്മഹത്യ ചെയ്തു എന്നത് വിശ്വസിക്കാനാവാത്ത കാര്യമാണെന്ന് മരിച്ച ശശി ജാതവിൻ്റെ പിതാവ് മഹേന്ദ്ര ജാതവും പറയുന്നു.


ഇത്രയും ഉയരത്തിൽ ഒരു ദുപ്പട്ട ഒരുമിച്ച് കൂട്ടിക്കെട്ടി രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്തുവെന്നത് സാമാന്യയുക്തിയിൽ വിശ്വസിക്കാനാകില്ലെന്ന പ്രതികരണവുമായി യുപിയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകൻ ഡാനിഷ് ഖുറേഷിയും രംഗത്തുവന്നിട്ടുണ്ട്. തൂങ്ങിക്കിടക്കുന്ന രീതി കണ്ടിട്ട് നിരവധി സംശയങ്ങൾ അവശേഷിക്കുന്നുണ്ടെന്നും അഡ്വ.ഖുറേഷി പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടോ അന്വേഷണത്തിലെ കൂടുതൽ വിശദാംശങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

SCROLL FOR NEXT