NEWSROOM

മഹായുതി 2.0യില്‍ രണ്ട് ഉപമുഖ്യമന്ത്രിമാർ; ഷിന്‍ഡെയും പവാറും നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും

ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ സസ്പെന്‍സുകള്‍ക്ക് വിരാമമാകുന്നു. മഹായുതി സഖ്യ സർക്കാരില്‍ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരുമാകും. മഹായുതി സർക്കാരില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്ന് മുന്‍പ് തന്നെ സൂചനകള്‍ വന്നിരുന്നു. മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സഖ്യകക്ഷികളില്‍ നിന്നുള്ള ഉപമുഖ്യമന്ത്രിമാരുടെ പ്രഖ്യാപനം. ഇരുവരും ഫഡ്‌നാവിസിനൊപ്പം നാളെ മുംബൈയിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തേക്കും.

ഇന്ന് ഗവർണർ സി.പി. രാധാകൃഷ്ണനെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച ഫഡ്‌നാവിസ്, യോഗത്തിന് ശേഷം ഷിൻഡെ സർക്കാരിൽ ചേരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. മാധ്യമങ്ങളെ കണ്ട ഫഡ്നാവിസ് ശിവസേന നേതാവിന് പ്രത്യേക നന്ദിയും അറിയിച്ചു.

"ഇന്നലെ ഏക്‌നാഥ് ഷിൻഡെയോട് ഞാന്‍ മന്ത്രിസഭയിൽ തുടരാൻ അഭ്യർത്ഥിച്ചിരുന്നു... അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം ഞങ്ങൾ തമ്മിലുള്ള ഒരു സാങ്കേതിക കരാർ മാത്രമാണ്.... തീരുമാനങ്ങൾ എടുക്കുന്നതില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു, അത് തുടരും", ഫഡ്നാവിസ് പറഞ്ഞു.

ശിവസേനയ്ക്കും ബിജെപിക്കുമിടയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം നിലനില്‍ക്കുന്നു എന്ന വാദങ്ങള്‍ തള്ളുന്നതായിരുന്നു ഏക്നാഥ് ഷിന്‍ഡെയുടെ മറുപടി. "രണ്ടര വർഷം മുമ്പ് മുഖ്യമന്ത്രിയാകാൻ ഫഡ്‌നാവിസ് എൻ്റെ പേര് ശുപാർശ ചെയ്തു. ഇത്തവണ മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിൻ്റെ പേര് ഞങ്ങൾ ശുപാർശ ചെയ്യുന്നു,' ഷിൻഡെ പറഞ്ഞു.


ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. രണ്ട് ഉപമുഖ്യമന്ത്രിമാർ എന്ന ഫോർമുലയില്‍ ശിവസേനയും എന്‍സിപിയും ഈ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. ഡിസംബർ 5ന് വൈകിട്ട് 5.30ന് സത്യപ്രതിജ്ഞയുണ്ടാകുമെന്നും ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും ഫഡ്നാവിസ് അറിയിച്ചു. ഫഡ്നാവിസ് മന്ത്രിസഭയിലെ വകുപ്പുകളുടെ കാര്യത്തിലും ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.

നവംബർ 23 ന് ജനവിധി വന്നതു മുതൽ തുടരുന്ന മഹാരാഷ്ട്ര മന്ത്രിസഭാ രൂപീകരണത്തിലെ അനിശ്ചിതത്വം ഇതോടെ പൂർണമായും അവസാനിക്കുകയാണ്. ഫല പ്രഖ്യാപനം വന്നതിനു പിന്നാലെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി മുന്നണിക്കുള്ളില്‍ തർക്കങ്ങള്‍ ഉടലെടുത്തിരുന്നു. ആദ്യം മുതല്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു സംസ്ഥാന ബിജെപിയുടെ നിലപാട്. ഫഡ്നാവിസിന്‍റെ പേര് തന്നെയാണ് ബിജെപി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളുടെ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ മഹായുതിയിലെ മറ്റൊരു പ്രധാന കക്ഷിയായ ശിവസേന എക്നാഥ് ഷിന്‍ഡെയ്ക്ക് വേണ്ടി രംഗത്തെത്തി. മഹാരാഷ്ട്രയിലെ ജനങ്ങള്‍ മുഖ്യമന്ത്രിയായിരുന്ന ഷിന്‍ഡെയ്ക്ക് വേണ്ടിയാണ് വോട്ട് ചെയ്തതെന്നും അതിനാല്‍ അദ്ദേഹം തുടരണമെന്നുമായിരുന്നു ശിവസേനയുടെ വാദം. എന്നാല്‍ ബിജെപി അതിനു വഴങ്ങിയില്ല.

Also Read: മഹാരാഷ്ട്ര സസ്പെൻസൊഴിഞ്ഞു; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ നാളെ

280 അംഗ 132 സീറ്റുകള്‍ നേടിയ ബിജെപിയാണ് മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. പവാറിന്‍റെ എന്‍സിപി 41 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന 57 സീറ്റുകളാണ് നേടിയത്. മൊത്തത്തില്‍ 230 സീറ്റുകള്‍ നേടിയ മഹായുതി പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിക്കെതിരെ ചരിത്ര വിജയമാണ് നേടിയത്. മഹായുതി സഖ്യത്തിന് 140നു മേല്‍ സീറ്റുകളുടെ ഭൂരിപക്ഷമുണ്ട്.

SCROLL FOR NEXT