പത്തനംതിട്ട തിരുവല്ലയിൽ പെരിങ്ങരയിൽ കാറിന് തീപിടിച്ചു രണ്ട് പേർ മരിച്ചു. തിരുവല്ല തുകലശ്ശേരി വേങ്ങശ്ശേരിൽ വീട്ടിൽ രാജു തോമസ്( റിജോ) 69, ഭാര്യ ലൈജി(63) എന്നിവരാണ് മരിച്ചത്. മുണ്ടക്കം പാലത്തിൽ വെച്ചായിരുന്നു സംഭവം. രാജു തോമസിന്റെ ഉടമസ്ഥതയിലുള്ള വാഗണർ കാർ ആണ് കത്തിയത്.
സംഭവസ്ഥലത്ത് വെച്ച് തന്നെ രണ്ടുപേരും മരിച്ചതായി സംഭവസ്ഥലം സന്ദർശിച്ച ഡിവൈഎസ്പി ആഷദ് വ്യക്തമാക്കി. ദമ്പതികളുടെ മരണകാരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ വീട്ടിൽ നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഏകമകൻ ലഹരിക്ക് അടിമയായതിൻ്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിലാണ് മകന് ചികിത്സ. ചികിത്സിക്കാൻ ഇനി പണമില്ല. പൊലീസ് ഇടപെട്ട് കൂടുതൽ ചികിത്സ നൽകണമെന്നും കത്തിൽ പറയുന്നു.