പ്രതീകാത്മക ചിത്രം 
NEWSROOM

ഇടുക്കിയിൽ എടിഎം കവർച്ചാ ശ്രമം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

തിങ്കളാഴ്ച രാത്രിയാണ് നെടുങ്കണ്ടം പാറതോട്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം തകർക്കാൻ ശ്രമം നടന്നത്

Author : ന്യൂസ് ഡെസ്ക്

ഇടുക്കി നെടുങ്കണ്ടത്ത് എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമിച്ച രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. മധ്യപ്രദേശ് മണ്ട്ലാ സ്വദേശികളായ രാംസായി, ദരുൺ സായി എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

തിങ്കളാഴ്ച രാത്രിയാണ് നെടുങ്കണ്ടം പാറത്തോട്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം തകർക്കാൻ ശ്രമം നടന്നത്. രാത്രിയിൽ കൗണ്ടറിൽ എത്തിയ പ്രതികൾ ആദ്യം എടിഎമ്മിൽ നിന്ന് പണം എടുക്കുകയും പിന്നീട് മുഖം മറച്ചു തിരികെ എത്തി എടിഎം തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ എടിഎം പൂർണമായും തകർത്ത് പണം കൈക്കലാക്കാൻ ഇവർക്ക് സാധിച്ചില്ല. സംഭവം അറിഞ്ഞ ഉടൻ എടിഎം കേന്ദ്രത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. തുടർന്ന് മേഖലയിലെ ഏലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി .


രാം സായി പാറത്തോട്ടിലെ ഏലയ്‌ക്കാ സ്റ്റോറിലും ദരുൺ സായി ഉടുമ്പഞ്ചോല ചെമ്മണ്ണാറിലെ ഏലത്തോട്ടത്തിലുമാണ് ജോലി ചെയ്തിരുന്നത്. മോഷണ ശ്രമത്തിന് ശേഷം പ്രതികളിലൊരാൾ നാട് വിടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഉടുമ്പഞ്ചോല പൊലീസ് മൂന്ന് ടീമുകളായി തിരിഞ്ഞ് സൈബർ സെല്ലിന്റെ സഹായത്തോടെ ആണ് അന്വേഷണം നടത്തിയത്.

രാം സായി വർഷങ്ങളായി പാറതോട്ടിലെ ഏലക്ക സ്റ്റോറിലാണ് ജോലി ചെയ്യുന്നത്. മൂന്ന് ആഴ്ച മുൻപാണ് ദരുൺ ജോലിയ്ക്കായി ചെമ്മണ്ണാറിൽ എത്തിയത്. മധ്യപ്രദേശിൽ ഇരുവരും അയൽവാസികൾ ആണ്‌. പ്രാദേശിക മോഷണ കേസിൽ ഉൾപ്പെടെ പ്രതിയാണ് ദരുൺ സായി. തിങ്കളാഴ്ച രാത്രിയിൽ പറത്തോട്ടിലെ ജോലി സ്ഥലത്ത് ഒത്തുചേർന്ന ഇരുവരും എടിഎം കവർച്ച ചെയ്യാൻ പദ്ധതിയിടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.

SCROLL FOR NEXT