പഴനി വയലൂരിലുണ്ടായ കാർ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചാണ് അപകടം. മലപ്പുറം സ്വദേശികളായ അച്ഛനും രണ്ട് വയസ്സുള്ള മകനുമാണ് മരിച്ചത്. തിരൂർ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണു മരിച്ചത്. ഗുരുതര പരിക്കേറ്റ ഭാര്യ, 2 വയസ്സുകാരി മകൾ എന്നിവരെ ഉടുമലൈ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പഴനി-ഉദുമല റോഡിൽ വയലൂരിന് സമീപം ബൈപാസ് റോഡിൽ പാർക്കു ചെയ്തിരുന്ന ലോറിയുടെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. സദക്കത്തുള്ളയും മകനും സംഭവ സ്ഥലത്തു തന്നെ മരിച്ചു. കാറിൽ കുടുങ്ങിയ രണ്ടുപേരെ ക്രെയിനിന്റെ സഹായത്തോടെയാണ് പുറത്തെടുത്തത്. സംഭവത്തിൽ സാമിനാഥപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.