NEWSROOM

തിരുവനന്തപുരത്ത് രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി

കഴിഞ്ഞ ദിവസം നാവായിക്കുളം സ്വാദേശിയായ പ്ലസ് ടു വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുമല, നെയ്യാറ്റിൻകര സ്വദേശിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ന്യൂറോ വാർഡിൽ പ്രത്യേക നിരീക്ഷണത്തിലാണ്. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി.

കഴിഞ്ഞ ദിവസം നാവായിക്കുളം സ്വാദേശിയായ പ്ലസ് ടു വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കുളത്തിൽ കുളിച്ചതിന് പിന്നാലെയാണ് വിദ്യാർഥി രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. കൂടെ കുളിച്ച മറ്റു രണ്ട് വിദ്യാർഥികളും നിരീക്ഷണത്തിലാണ്.

Also Read: അമീബിക് മസ്തിഷ്ക ജ്വരം; ശ്രദ്ധിക്കണം മഴക്കാലമാണ്

രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതർ അറിയിച്ചു. രണ്ട് മാസത്തിനിടെ 14 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ഇതില്‍ പത്തുപേര്‍ രണ്ടാഴ്ച മുന്‍പ് പൂര്‍ണമായി രോഗമുക്തി നേടിയിരുന്നു.

കെട്ടിക്കിടക്കുന്ന വെള്ളം, ഒഴുക്കില്ലാത്ത ജലാശയം, വൃത്തിയാക്കാത്ത സ്വിമ്മിങ് പൂളുകൾ, കനാലുകള്‍ എന്നിവിടങ്ങളിൽ നിന്നാണ് രോഗാണുക്കൾ ശരീരത്തിലേക്ക് എത്തുന്നത്. മൂക്കിലെ നേർത്ത തൊലിയിലൂടെ പ്രവേശിക്കുന്ന രോഗാണുക്കൾ തലച്ചോറിനെ കാർന്നുതിന്നുന്നു. അണുബാധയേറ്റാൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. രോഗം വരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുക മാത്രമേ രക്ഷയുള്ളൂ. കുട്ടികളിലും കൗമാരക്കാരിലുമാണ് കൂടുതലായും രോഗം സ്ഥിരീകരിക്കുന്നത്.

SCROLL FOR NEXT