NEWSROOM

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടു പേര്‍ കസ്റ്റഡിയില്‍

KL65 L 8306 നമ്പര്‍ വെള്ള കാറിലാണ് പ്രതികള്‍ കടന്നത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. അനൂസ് റോഷനെ തട്ടിക്കൊണ്ടുപോകുന്നതിന് തൊട്ട് മുന്‍പ് വീടിന് മുന്നില്‍ എത്തിയ ബൈക്കിന്റെ ഉടമയും കൂട്ടാളിയുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇരുവരേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. അനൂസിനെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.


കാറില്‍ ആയുധങ്ങളുമായെത്തിയ സംഘമാണ് കഴിഞ്ഞ ദിവസം കൊടുവള്ളി സ്വദേശി അനൂസ് റോഷനെ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ഏഴ് പേരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്. 5 ദിവസം മുമ്പും ഇതേ സംഘം വീട്ടുപരിസരത്ത് കാറുമായെത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നടന്നത് ആസൂത്രിത തട്ടിക്കൊണ്ടുപോകല്‍ എന്ന് തെളിയിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍.

കാറിലെത്തിയ സംഘം പ്രദേശത്ത് കുറച്ച് സമയം ചെലവഴിക്കുന്നതും നാട്ടുകാരനുമായി സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഘം കൊടുവള്ളി പരപ്പാറയില്‍ എത്തിയത്. ഇവര്‍ സംസാരിച്ച പ്രദേശവാസിയുദടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.

അനൂസിന്റെ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. ആദ്യം രണ്ടു പേര്‍ ബൈക്കിലെത്തി. പിന്നാലെ കാറുമായി എത്തിയവര്‍ അനൂസ് റോഷന്റെ പിതാവിനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച അനൂസിനെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. KL65 L 8306 നമ്പര്‍ വെള്ള കാറിലാണ് പ്രതികള്‍ കടന്നത്.

മുന്‍പും പണം ലഭിക്കാന്‍ ഉളളവര്‍ വീട്ടില്‍ എത്തി ഭീഷണി മുഴക്കിയിരുന്നുവെന്നാണ് മാതാവിന്റെ മൊഴി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കെയാണ് തട്ടിക്കൊണ്ട് പോകല്‍. വിദേശത്തായിരുന്ന അജ്മല്‍ നാട്ടില്‍ എത്തിയെന്ന് വിവരം ഉണ്ടെങ്കിലും ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും കുടുംബം പറഞ്ഞു. നിലവില്‍ കേസുമായി ബന്ധപ്പെട്ട താമരശ്ശേരി ഡിവൈഎസ്പി വീട്ടിലെത്തി രേഖപ്പെടുത്തി.

SCROLL FOR NEXT