NEWSROOM

നേപ്പാളില്‍ രാജഭരണം പുനഃസ്ഥാപിക്കണമെന്ന് ആ‍വശ്യപ്പെട്ട് നടത്തിയ റാലിയിൽ സംഘർഷം; മാധ്യമ പ്രവർത്തകനുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു

നേപ്പാളിലെ സുരക്ഷാ സേനയും രാജവാഴ്ച അനുകൂല പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്

Author : ന്യൂസ് ഡെസ്ക്

നേപ്പാളിലെ കാഠ്‌മണ്ഡുവിൽ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. രാജഭരണം തിരികെ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടുള്ള റാലിക്കിടെയാണ് സംഘർഷം. കൊല്ലപ്പെട്ടവരിൽ ഒരാൾ മാധ്യമപ്രവർത്തകനാണ്. നേപ്പാളിലെ സുരക്ഷാ സേനയും രാജവാഴ്ച അനുകൂല പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തിൽ പൊലീസുകാർ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റു.


നേപ്പാളിലെ ആഭ്യന്തര കലാപം കടുക്കുന്നെന്ന സൂചനയാണ് സംഘർഷം നൽകുന്നത്. രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയും (ആർ‌പി‌പി) മറ്റ് ഗ്രൂപ്പുകളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അടിയന്തര യോഗം വിളിച്ചുചേർത്തു. കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ടിങ്കുനെ, സിനമംഗല്‍, കൊട്ടേശ്വര്‍ പ്രദേശങ്ങളിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. 

സംഘർഷം ശക്തമായതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിന് കണ്ണീർവാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിക്കേണ്ടി വന്നു. പിന്നാലെ നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി. പ്രതിഷേധക്കാർ ഒരു ബിസിനസ് സമുച്ചയം, ഷോപ്പിംഗ് മാൾ, മീഡിയ ഹൗസ് കെട്ടിടം എന്നിവയ്ക്ക് തീയിട്ടു.


SCROLL FOR NEXT