NEWSROOM

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു

ആക്രമണത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വെടിയുണ്ടകൾ പതിച്ച്  അഞ്ചുപേർക്കും,  ബോംബിൻ്റെ ചീളുകൾ തറച്ച് മറ്റുള്ളവർക്കും പരുക്കേറ്റു

Author : ന്യൂസ് ഡെസ്ക്

നാല് മാസത്തെ ഇടവേളക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി സായുധ വിഭാഗം നടത്തിയ ആക്രണത്തിൽ സ്ത്രീ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും, രണ്ടു പൊലീസുകാരുൾപ്പെടെ 9 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.

ഇംഫാൽ വെസ്റ്റിലെ കൗത്രക്കിലായിരുന്നു ആക്രമണം നടന്നത്. മരിച്ച സ്ത്രീയുടെ 12 വയസുള്ള മകൾക്കും ആക്രമണത്തിൽ പരുക്കേറ്റിറ്റുണ്ട്. സായുധരായ കുക്കികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. തോക്കുകൾ ഉപയോഗിച്ച് വെടിയുതിർത്തും ഡ്രോണുകളുടെ സഹായത്തോടെ ബോംബുകളിട്ടുമായിരുന്നു ആക്രമണം. താഴ്‌വരയുടെ താഴ്ന്ന മേഖലകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്.

ആക്രമണത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വെടിയുണ്ടകൾ പതിച്ച്  അഞ്ചുപേർക്കും,  ബോംബിൻ്റെ ചീളുകൾ തറച്ച് മറ്റുള്ളവർക്കും പരുക്കേറ്റു. ആക്രമണമുണ്ടായതോടെ കുട്ടികളും പ്രായമായവരുമടക്കം സുരക്ഷിത സ്ഥലത്തേക്ക് മാറി. അഞ്ചു മണിക്കൂറോളം വെടിവെപ്പ് തുടർന്നുവെന്നാണ് റിപ്പോർട്ട്. ഡ്രോൺ ഉപയോഗിച്ചുള്ള ബോംബാക്രമണം കാരണം സംസ്ഥാനത്തെ സുരക്ഷാഭീഷണി വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

 ALSO READ: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ മൂന്ന് മാസത്തിനകം സർവീസ് തുടങ്ങും; കേന്ദ്ര റെയിൽവേ മന്ത്രി

സ്ഥിതി നിയന്ത്രണവിധേയമാക്കാൻ സ്ഥലത്ത് കേന്ദ്ര, സംസ്ഥാന സേനകളെ വിന്യസിച്ചിട്ടുണ്ട്. അക്രമകാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കഴിഞ്ഞവർഷം മെയിലാണ് മെയ്‌‌തികളും കുക്കികളും തമ്മിൽ കലാപം ആരംഭിച്ചത്. കലാപത്തിൽ 220ലേറെ പേർ കൊല്ലപ്പെടുകയും അയ്യായിരത്തോളം പേർ പലായനം ചെയ്തുവെന്നുമാണ് പുറത്തു വരുന്ന കണക്കുകൾ.

SCROLL FOR NEXT