NEWSROOM

ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു: നാല് ഭീകരരെ വധിച്ചു

മോദെർഗാം ഗ്രാമത്തിൽ, തിരച്ചിലിനിടെ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിലാണ് ഒരു സൈനികൻ കൊല്ലപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിലെ കുൽ​ഗാമിൽ രണ്ട് പ്രദേശങ്ങളിലായി തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നാല് ഭീകരരും കൊല്ലപ്പെട്ടു. ജില്ലയിലെ തീവ്രവാദി സാന്നിധ്യത്തെക്കുറിച്ച് റിപ്പോർട്ട് കിട്ടിയതിനെ തുട‍ർന്നാണ് സുരക്ഷാ സേന ഇവിടെ പരിശോധന നടത്തിയത്. മോദെർഗാം ഗ്രാമത്തിൽ, തിരച്ചിലിനിടെ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിലാണ് ഒരു സൈനികൻ കൊല്ലപ്പെട്ടത്.
ഗ്രാമത്തിലേക്ക് സൈന്യം ഇറങ്ങിയ ഉടനെ ഉണ്ടായ ആദ്യ വെടിവയ്പിൽ ഒരു സൈനികന് പരിക്കേൽക്കുകയും പിന്നീട് ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു.കുൽഗാമിലെ ഫ്രിസൽ ഏരിയയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ നാല് ഭീകരരും ഒരു സൈനികനും കൊല്ലപ്പെടുകയും മറ്റൊരു സൈനികന് പരിക്കേൽക്കുകയും ചെയ്തു. കനത്ത വെടിവയ്പുണ്ടായ സാഹചര്യത്തിൽ ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനായില്ല. ഏറ്റുമുട്ടൽ സ്ഥലത്ത് രണ്ട് ഭീകരർ കൂടി ഉള്ളതായാണ് സംശയം
ജമ്മു കശ്മീരിലെ വിവിധ ജില്ലകളിലായി അടുത്തിടെ തീവ്രവാദ പ്രവർത്തനങ്ങളിൽ വർധനവ് ഉണ്ടായിട്ടുള്ളതിനെ തുട‍ർന്ന് നിരവധി ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം, ദോഡ ജില്ലയിലെ ഗണ്ഡോ മേഖലയിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചിരുന്നു.

SCROLL FOR NEXT