വിദ്വേഷപ്രചരണത്തിനെത്തിയെന്ന് ആരോപണത്തെ തുടർന്ന് രണ്ട് യുകെ എംപിമാർക്ക് ഇസ്രയേലിൽ പ്രവേശനം നിഷേധിച്ചു. യുകെയിലെ രണ്ട് ലേബർ എംപിമാരായ അബ്തിസാം മുഹമ്മദിനും യുവാൻ യാങ്ങിനുമാണ് പ്രവേശനം നിഷേധിച്ചത്. പാർലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഇസ്രയേൽ സന്ദർശിക്കാനെത്തിയതായിരുന്നു ഇരുവരും. യുവാൻ യാങ്ങ് ഏർലിയുടെയും വുഡ്‌ലിയുടെയും എംപിയും, അബ്തിസാം മുഹമ്മദ് ഷെഫീൽഡ് സെൻട്രലിൻ്റെ എംപിയുമാണ്.
"സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും ഇസ്രയേൽ വിരുദ്ധത പ്രചരിപ്പിക്കാനും യുകെ പദ്ധതിയിട്ടിട്ടുണ്ടെന്ന സംശയം നിലനിൽക്കുന്നുണ്ടായിരുന്നു.ഇതേതുടർന്നാണ് ലേബർ എംപിമാരെ കസ്റ്റഡിലാക്കുകയും, രാജ്യത്തേക്ക് കടക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തതെന്ന് ഇസ്രയേൽ കുടിയേറ്റ മന്ത്രാലയത്തിൻ്റെ പ്രസ്താവനയെ ഉദ്ധരിച്ച് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. എംപിമാരോട് കാണിച്ച ഈ അവഗണനയെ യുകെ വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചു. ഇസ്രയേലിൻ്റെ നടപടി അസ്വീകാര്യവും, അങ്ങേയറ്റം ആശങ്കാജനകവുമാണെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
ALSO READ: 'അത് നമ്മുടെ സൗഹൃദത്തിന് ശക്തി പകരും'; ഏഴ് പ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ശ്രീലങ്കയും
"ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളെ ഇങ്ങനെ കൈകാര്യം ചെയ്യരുതെന്ന് ഇസ്രയേൽ സർക്കാരിലെ എന്റെ സഹപ്രവർത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്" ലാമി ചൂണ്ടിക്കാട്ടി. "വെടിനിർത്തൽ, രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കൽ, ബന്ദികളെ മോചിപ്പിക്കൽ, ഗാസയിലെ സംഘർഷം അവസാനിപ്പിക്കൽ, എന്നിവയിലാണ് യുകെ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്", ലാമി പ്രസ്താവനയിലൂടെ അറിയിച്ചു.