പ്രതീകാത്മക ചിത്രം 
NEWSROOM

യുഎഇയിലെ പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ നാട്ടിലെത്താം; മൂന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ കൂടി സര്‍വീസ് തുടങ്ങാന്‍ ഇന്‍ഡിഗോ

ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രയുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതുകൊണ്ട് തന്നെ വിമാന ടിക്കറ്റ് തുകയും വലിയ രീതിയില്‍ ഉയരാറുണ്ട്.

Author : ന്യൂസ് ഡെസ്ക്

യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സ്വന്തം നാട്ടിലേക്ക് നേരിട്ടെത്താന്‍ അവസരമൊരുക്കി വിമാന കമ്പനിയായ ഇന്‍ഡിഗോ. ഓഗസ്റ്റില്‍ ഇന്ത്യയിലെ മൂന്ന് പുതിയ നഗരങ്ങളില്‍ കൂടി ഇന്‍ഡിഗോ അവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെയാണ് പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ നാട്ടിലേക്കെത്താനുള്ള അവസരം ഒരുങ്ങുന്നത്.

അബുദാബിയില്‍ നിന്ന് മംഗളൂരു, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി എന്നീ നഗരങ്ങളിലേക്ക് നേരിട്ട് എത്താവുന്ന തരത്തിലായിരിക്കും സര്‍വീസ് ആരംഭിക്കുക. ഓഗസ്റ്റ് ഒന്‍പത് മുതലായിരിക്കും അബുദാബിയില്‍ നിന്ന് മംഗളൂരു റൂട്ടിലേക്ക് ദിവസനേയുള്ള വിമാന സര്‍വീസ് ആരംഭിക്കുക. എന്നാല്‍ തിരുച്ചിറപ്പള്ളിയില്‍ നിന്ന് അബുദാബിയിലേക്കുള്ള സര്‍വീസ് ആഴ്ചയില്‍ നാല് ദിവസമാകും ഉണ്ടാവുക. ഇത് ആഗസ്റ്റ് 11 മുതലായിരിക്കും ആരംഭിക്കുക.

കോയമ്പത്തൂര്‍-യുഎഇ റൂട്ടിലുള്ള നേരിട്ടുള്ള വിമാനം ആഴ്ചയില്‍ മൂന്ന് തവണയായിരിക്കും സര്‍വീസ് നടത്തുക. ഓഗസ്റ്റ് പത്ത് മുതലാണ് സര്‍വീസ് ആരംഭിക്കുക.

വരുന്ന മാസങ്ങളില്‍ അബുദാബിയില്‍ നിന്ന് മംഗലൂരുവിലേക്കും കോയമ്പത്തൂരേക്കുമുള്ള വിമാന സര്‍വീസിന്റെ ടിക്കറ്റ് നിരക്ക് യഥാക്രമം 353 ദിര്‍ഹം(8000 ഇന്ത്യന്‍ രൂപ), 330 ദിര്‍ഹം (7,522 ഇന്ത്യന്‍ രൂപ) എന്നിങ്ങനെയായിരിക്കും. തിരിച്ചുള്ള യുഎഇ യാത്രക്കാര്‍ക്കുള്ള വിമാന ടിക്കറ്റിന്റെ തുക 843 ദിര്‍ഹ (19,217.06 ഇന്ത്യന്‍ രൂപ) വുമായിരിക്കും.

ഏകദേശം 3.7 മില്യണ്‍ ഇന്ത്യക്കാര്‍ യുഎഇയില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. അതുകൊണ്ട് തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള റൂട്ടാണ് യുഎഇ-ഇന്ത്യ വ്യോമ ഇടനാഴി. ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രയുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതുകൊണ്ട് തന്നെ വിമാന ടിക്കറ്റ് തുകയും വലിയ രീതിയില്‍ ഉയരാറുണ്ട്.

പുതുവര്‍ഷം, വേനലവധി തുടങ്ങിയ സീസണുകളില്‍ വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയായി ഉയരാറുമുണ്ട്. മൂന്ന് റൂട്ടുകളിലേക്കുമുള്ള വിമാന സര്‍വീസ് കൂടി ചേര്‍ത്തതോടെ 13 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് ഒരാഴ്ചയില്‍ തുടര്‍ച്ചയായി പോകുന്ന വിമാന സര്‍വീസുകളുടെ എണ്ണം 89 ആയി ഉയര്‍ന്നെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് തലവന്‍ വിനയ് മല്‍ഹോത്ര പറഞ്ഞു.

യാത്രക്കാര്‍ക്ക് 'താങ്ങാനാവുന്ന' തരത്തിലുള്ള യാത്രാനുഭവമായിരിക്കും എയര്‍ലൈന്‍ നല്‍കുന്നതെന്നും വിനയ് മല്‍ഹോത്ര പറഞ്ഞു. ഇന്‍ഡിഗോ ബെംഗലൂരുവില്‍ നിന്ന് അബുദാബിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് റൂട്ട് ഓഗസ്റ്റ് ഒന്നുമുതല്‍ ഉണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ എയര്‍ലൈന്‍ അവരുടെ ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളിലെ ഇന്ധനത്തിനായി ഈടാക്കുന്ന തുക ടിക്കറ്റ് നിരക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

SCROLL FOR NEXT