NEWSROOM

ദുബായില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് 11.5 കോടി നഷ്ടപരിഹാരം വിധിച്ച് യുഎഇ സുപ്രീം കോടതി

യുഎഇയില്‍ രണ്ടാം തവണയാണ് കാര്‍ അപകടത്തില്‍ പരുക്കേറ്റ ഇരയ്ക്ക് ഇത്തരത്തില്‍ വലിയ തുക നഷ്ടപരിഹാരം ലഭിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്



ദുബായില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവിന് അഞ്ച് മില്യണ്‍ ദിര്‍ഹം ( 11.5 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന വിധിയുമായി യുഎഇ ഫെഡറല്‍ സുപ്രീം കോടതി. കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഉമ്മര്‍ മകന്‍ ഷിഫിനാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്.

യുഎഇയില്‍ രണ്ടാം തവണയാണ് കാര്‍ അപകടത്തില്‍ പരുക്കേറ്റ ഇരയ്ക്ക് ഇത്തരത്തില്‍ വലിയ തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുന്നത്. ഷിഫിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ ചെക്ക് ഫ്രാന്‍ ഗള്‍ഫ് ടീം കൈമാറി.

2022 മാര്‍ച്ച് ആറിനാണ് അല്‍ ഐനിലെ ഗ്രോസറി ജീവനക്കാരനായിരുന്ന ഷിഫിനെ ദുപായി സ്വദേശി ഓടിച്ച കാര്‍ ഇടിക്കുന്നത്. ബഖാലയില്‍ നിന്ന് മോട്ടോര്‍ സൈക്കിളില്‍ സാധനങ്ങളുമായി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം.

ഇടിച്ചയാള്‍ വാഹനം നിര്‍ത്താതെ പോയി. പിന്നീട് സിസിടിവിയുടെ സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഷിഫിന്റെ തലച്ചോറിന് പരുക്ക് പറ്റിയതിനാല്‍ പല അവയവങ്ങളെയും ഗുരുതരമായി തന്നെ ബാധിച്ചിരുന്നു.

നേരത്തെ ദുബായ് റാഷിദിയയിലുണ്ടായ ഒമാന്‍ ബസ് അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ യുവാവിന് സുപ്രീം കോടതി അഞ്ച് മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചിരുന്നു. ഈ കേസിനും ഫ്രാന്‍ ഗള്‍ഫ് അഡ്വക്കേറ്റ്‌സ് ആയിരുന്നു നിയമ സഹായം നല്‍കിയത്.


SCROLL FOR NEXT