ഊബർ ഓട്ടോയിൽ ഇനി അടിമുടി മാറ്റം. ഇനി മുതൽ ഊബർ ഓട്ടോയുടെ നിരക്ക് ഡ്രൈവർമാരാണ് നിശ്ചയിക്കുക. കൂടാതെ ഡ്രൈവർമാർ പറയുന്ന ചാർജ് പണമായി മാത്രമേ നൽകാനാവൂ. ഇന്ത്യയിലാകെ ഓട്ടോ ഡ്രൈവർമാർക്കായി ഊബർ സീറോ കമ്മീഷൻ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് .
നിരക്ക് കുറവായതിനാൽ ഭൂരിഭാഗം പേരും കാറിനെക്കാൾ ഓട്ടോയാണ് കൂടുതലായും ആശ്രയിക്കുന്നത്. ഇനി മുതൽ ഓട്ടോ ബുക്ക് ചെയ്യുമ്പോൾ പണമായി മാത്രമേ ചാർജ് ഈടാക്കൂ എന്ന സന്ദേശം ആപ്പിൽ പ്രത്യക്ഷപ്പെടും. പുതിയ അപ്ഡേറ്റുകൾ അനുസരിച്ച് ഡ്രൈവറും യാത്രക്കാരുമായുള്ള ഒരു സ്വതന്ത്ര സാങ്കേതിക പ്ലാറ്റ‌്ഫോമായി ഊബർ പ്രവർത്തിക്കും. റൈഡുകളുടെ കൃത്യമായ നിർവഹണം, ഗുണനിലവാരം, തുടങ്ങിയ കാര്യങ്ങളിൽ കമ്പനിക്ക് ഉത്തരവാദിത്വമുണ്ടാകില്ല. ഡ്രൈവർ റൈഡിന് വിസമ്മതിച്ചാലും കമ്പനി അതിന് ബാധ്യതസ്ഥരായിരിക്കില്ല.
കൂടാതെ, യാത്രയ്ക്കിടെ ഉണ്ടാകുന്ന ടോൾ, പാർക്കിംഗ് ഫീസ്,റൂട്ട് അധിഷ്ഠിത സർചാർജുകൾ, ഡ്രൈവർ അറിയിക്കുന്ന സംസ്ഥാന നികുതികൾ എന്നിങ്ങനെയുള്ള അധിക ചാർജുകൾക്ക് റൈഡർമാർ ഉത്തരവാദികളാണെന്നും ഊബർ ചൂണ്ടിക്കാട്ടി. പുതിയ നിബന്ധനകൾ പ്രധാനമായും പണമടയ്ക്കലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും, ഡ്രൈവറും യാത്രക്കാരനും പരസ്പരം സമ്മതിച്ചാൽ യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകൾ ഇപ്പോഴും സുഗമമാക്കാമെന്നും ഊബർ വ്യക്തമാക്കി.
നിരക്ക് തർക്കങ്ങളും, റൈഡിനുള്ള കാലതാമസവും ഉണ്ടായാൽ അതിനും കമ്പനി ഉത്തരവാദിയായിരിക്കില്ല. ഇത്തരത്തിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അവർ തമ്മിൽ നേരിട്ട് പരിഹരിക്കേണ്ടതുണ്ട്. യാത്ര പൂർത്തിയാക്കിയില്ലെങ്കിൽ പോലും, ഡ്രൈവർ ആവശ്യപ്പെടുന്ന നിരക്കിൽ മാറ്റം ഉണ്ടാകില്ലെന്നും ഊബർ അറിയിച്ചു. ഇതോടെ മുമ്പ് യാത്രക്കാര്‍ക്ക് ലഭിച്ചരുന്ന കുറഞ്ഞ നിരക്കിലുള്ള റൈഡുകളും, ഡ്രൈവറുടെ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യാനുള്ള അവസരവും ഇല്ലാതാകും.