NEWSROOM

തമിഴ്നാട് മന്ത്രിസഭ; ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു

തമിഴ്‌നാട് സർക്കാരിൽ പ്രധാന പങ്ക് വഹിക്കുന്ന കുടുംബത്തിലെ മൂന്നാം തലമുറ നേതാവാണ് ഉദയനിധി സ്റ്റാലിൻ

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട് മന്ത്രിസഭയിലെ പുനഃസംഘടനയെ തുടർന്ന് ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു. മുത്തച്ഛനും ഡിഎംകെ നേതാവുമായ അന്തരിച്ച എം കരുണാനിധിക്കും പിതാവ് എം.കെ. സ്റ്റാലിനും ശേഷം തമിഴ്‌നാട് സർക്കാരിൽ പ്രധാന പങ്ക് വഹിക്കുന്ന കുടുംബത്തിലെ മൂന്നാം തലമുറ നേതാവാണ് ഉദയനിധി സ്റ്റാലിൻ.


സുപ്രീം കോടതി ജാമ്യം അനുവദിക്കുന്നതിന് മുമ്പ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 15 മാസം ജയിലിൽ കിടന്ന ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയും ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈദ്യുതി, എക്സൈസ് എന്നിവയുടെ മന്ത്രിയായാണ് ബാലാജി ചുമതലയേറ്റത്. കൂടാതെ മൂന്ന് എംഎൽഎമാർ കൂടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഗോവി ചെഴിയൻ, എസ്എം നാസർ, ആർ രാജേന്ദ്രൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.


ചെഴിയൻ ഉന്നത വിദ്യാഭ്യാസ വകുപ്പവും നാസർ ന്യൂനപക്ഷ മന്ത്രിയും രാജേന്ദ്രന് ടൂറിസം വകുപ്പും നൽകും. 'ഉപമുഖ്യമന്ത്രി' എന്നത് തനിക്ക് ഒരു പദവിയല്ലെന്നും ഉത്തരവാദിത്തമാണെന്നും ഉദയനിധി സ്റ്റാലിൻ ഇന്ന് രാവിലെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരുന്നു.ഇതിനെ തുടർന്ന് മുത്തച്ഛൻ എം കരുണാനിധി, സാമൂഹിക പ്രവർത്തകൻ പെരിയാർ എന്നിവരുടെ സ്മാരകങ്ങളും അദ്ദേഹം സന്ദർശിച്ചു. ഉദയനിധി സ്റ്റാലിനെ ഉന്നത പദവിയിലേക്ക് ഉയർത്തിയത് എഐഎഡിഎംകെയിൽ നിന്നും ബിജെപിയിൽ നിന്നും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.



SCROLL FOR NEXT