NEWSROOM

അഭിപ്രായം പറയുന്നത് വർക്കിങ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചതിന് ശേഷം മതി, തരൂർ പറയുന്നത് കോൺഗ്രസ് നിലപാടല്ല; എം.എം. ഹസൻ

കടൽ മണൽ ഖനനത്തെ കുറിച്ചും വന്യമൃഗ ശല്യത്തെ കുറിച്ചും ലഹരി മാഫിയയെ കുറിച്ചും ഒരക്ഷരം മിണ്ടാത്തയാളാണ് ശശി തരൂർ എന്നും എം.എം. ഹസൻ വിമർശിച്ചു

Author : ന്യൂസ് ഡെസ്ക്


സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയ ശശി തരൂരിനെതിരെ ആഞ്ഞടിച്ച് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ശശി തരൂർ പറഞ്ഞ കാര്യങ്ങൾ അതിശയോക്തി നിറഞ്ഞതും അടിസ്ഥാന രഹിതവുമാണ്. അഭിപ്രായം പറയണമെങ്കിൽ ആദ്യം വർക്കിങ് കമ്മിറ്റിയിൽ നിന്ന് രാജിവച്ച് പുറത്തുവന്നിട്ടു മതിയെന്നും ഹസൻ പറഞ്ഞു.

ഒരു കമ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ഇതുണ്ടായതിൽ സന്തോഷിക്കുന്നു എന്നാണ് തരൂർ പറയുന്നത്. എന്നാൽ തരൂർ മാത്രമേ ഇത് കമ്യൂണിസ്റ്റ് സർക്കാരാണെന്ന് പറയുകയുള്ളു. ഇത് ക്യാപ്പിറ്റലിസ്റ്റ് കമ്മ്യൂണിസ്റ്റ് സർക്കാർ ആണെന്നും ഹസൻ പറഞ്ഞു. കടൽ മണൽ ഖനനത്തെ കുറിച്ചും വന്യമൃഗ ശല്യത്തെ കുറിച്ചും ലഹരി മാഫിയയെ കുറിച്ചും ഒരക്ഷരം മിണ്ടാത്തയാളാണ് ശശി തരൂർ എന്നും എം.എം. ഹസൻ വിമർശിച്ചു.

കുടിയേറ്റക്കാരെ കയ്യാമം വച്ച് കൊണ്ട് വന്നപ്പോൾ ഒരു പ്രതിഷേധം പ്രധാനമന്ത്രി അറിയിച്ചില്ല. ആ അന്താരാഷ്ട്ര നയങ്ങളെയും ശശി തരൂർ പ്രശംസിച്ചു. ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് മനസിലാകുന്നില്ല. അത്യുന്നത സമിതിയിൽ നിന്ന് ഒഴിഞ്ഞിട്ട് വേണം ശശി തരൂർ ഇക്കാര്യങ്ങൾ ചെയ്യാനെന്നും എം.എം. ഹസൻ പറഞ്ഞു.


വിഷയം പാർട്ടി ചർച്ച ചെയ്യും. യാഥാർഥ്യങ്ങൾ മനസിലാക്കാതെയാണ് തരൂർ പുകഴ്ത്തുന്നത്. പറഞ്ഞതിന് പിന്നിൽ എന്താണെന്ന് അദ്ദേഹത്തിനേ അറിയുകയുള്ളു. രാഷ്ട്രീയമായി കോൺഗ്രസിൻ്റെ നിലപാടിന് കടകവിരുദ്ധമായാണ് തരൂർ പറയുന്നതെന്നും എം.എം. ഹസൻ പറഞ്ഞു.

എം.എം. ഹസന് മറുപടിയുമായി ശശി തരൂരും രം​ഗത്തെത്തി. സ്ഥാനമൊഴിയാൻ ആവശ്യമുണ്ടെങ്കിൽ ഒഴിയാം. താൻ ഇക്കാര്യം പറയാൻ തുടങ്ങിയിട്ട് 16 വർഷമായി. ഉമ്മൻചാണ്ടിയാണ് കേരളത്തിൽ വികസനം കൊണ്ടുവന്നത്. സർക്കാരുകൾ നല്ലത് ചെയ്താൽ അംഗീകരിക്കണം. പാർട്ടി പൊളിറ്റിക്സ് അല്ല താൻ പറഞ്ഞതെന്നും ശശി തരൂർ പ്രതികരിച്ചു.


വിവാദമാക്കാൻ തുടങ്ങിയപ്പോഴാണ് താൻ വിശദീകരണവുമായി രംഗത്ത് എത്തിയത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ 100% ശരിയാണെന്ന് ഒരിക്കലും പറയുന്നില്ല. ഞാൻ പറയുന്നത് ഇഷ്ടമല്ലാത്തവർ വേറെ ഫാക്റ്റ്സ് കൊണ്ടുവരട്ടെ. അത് അംഗീകരിക്കാൻ ഞാൻ തയ്യാറാണ്. തൊഴിലില്ലായ്മ കേരളത്തിലെ വലിയ പ്രശ്നമാണ്. അങ്ങനെ പല പ്രശ്നങ്ങളെ കുറിച്ചും താൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അടുത്ത തവണ നിങ്ങൾ പ്രതിപക്ഷത്ത് എത്തുമ്പോൾ ഞങ്ങളെ വിമർശിക്കരുതെന്ന് ലേഖനത്തിൽ പറയുന്നുണ്ടെന്നും ശശി തരൂർ പറ‍ഞ്ഞു.

SCROLL FOR NEXT