വന്യജീവി ആക്രമണങ്ങൾക്കെതിരെ യുഡിഎഫ് വയനാട് ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താൽ പൂർണം. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, മേപ്പാടി, ലക്കിടി തുടങ്ങിയിടങ്ങളിൽ പലയിടത്തായി വാഹനം തടയാൻ ശ്രമിച്ചത് സമരക്കാരും യാത്രക്കാരും തമ്മിൽ നേരിയ സംഘർഷങ്ങൾക്കിടയാക്കി. പൊലീസ് ഇടപെട്ടാണ് ഇവരെ പിരിച്ചുവിട്ടത്.
പലയിടത്തും യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. ലക്കിടിയിൽ വാഹനം തടഞ്ഞ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ചില യാത്രക്കാരുമായി സമരക്കാർ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. യുഡിഎഫ് സമരത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമാണ്.
തുടരെ ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളും മരണങ്ങളും സർക്കാർ അനാസ്ഥയെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹർത്താൽ നടത്തുന്നത്. രാവിലെ ആറ് മണി തൊട്ട് വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രണ്ട് ദിവസത്തിനിടെ രണ്ടു പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യുഡിഎഫ് പ്രതിഷേധം കടുപ്പിച്ചത്. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകീട്ട് നൂല്‍പ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വെള്ളരിമല വില്ലേജിലെ അട്ടമല ഭാഗത്ത് എറാട്ട് കുണ്ട് ഉന്നതിയില്‍ കറുപ്പന്റെ മകന്‍ ബാലന്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച ഉണ്ടായ ആക്രമണത്തിൽ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് കൊല്ലപ്പെട്ടത്.