സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. മാർച്ച് അഞ്ചിന് യുഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നിൽ ലഹരിക്കെതിരെ ഏകദിന ഉപവാസം നടത്തുമെന്ന് യുഡിഎഫ് കണവീനർ എം.എം. ഹസൻ പറഞ്ഞു. കൊച്ചിയിൽ നടന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിന് ശേഷമായിരുന്നു പാർട്ടി കൺവീനർ ഇക്കാര്യം വ്യക്തമാക്കിയത്.
'നോ ഡ്രഗ് നോ ക്രൈം ' എന്ന മുദ്രവാക്യം ഉയർത്തിയാണ് ഉപവാസം നടത്തുക. സർക്കാർ നിസ്സംഗതയ്ക്ക് എതിരെയാണ് പ്രക്ഷോഭം. കേരളത്തിൽ നിരന്തരം കൊലപാതകം ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് എം.എം. ഹസൻ പറഞ്ഞു. കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് സർക്കാരിന്. കൊലയാളികളുടെ നേതാവായി ആഭ്യന്തര മന്ത്രി മാറുന്നെന്നും യുഡിഎഫ് കൺവീനർ ആരോപിച്ചു.
കൊലയാളികൾ ലഹരിയുടെ അടിമകൾ ആണെന്ന് പറഞ്ഞ എം.എം. ഹസൻ ലഹരി വ്യാപനം വർധിച്ചത് പൊലീസിന്റെയും എക്സൈസ് വകുപ്പിന്റെയും നിഷ്‌ക്രിയത്വം മൂലമാണെന്നും കൂട്ടിച്ചേർത്തു. ക്യാമ്പസിൽ ലഹരി വ്യാപനത്തിന് കൂട്ടുനിൽക്കുന്നത് എസ്എഫ്ഐ ആണ്. ലഹരിക്കേസിലെ പ്രതികളെ പിടികൂടാൻ തടസം നിൽക്കുന്നത് ഡിവൈഎഫ്ഐ പ്രവർത്തകരും. ഇതിനെതിരെ ഉപവാസം നടത്തുമെന്നാണ് യുഡിഎഫ് ആഹ്വാനം.
മാർച്ച്-ഏപ്രിൽ മാസത്തിൽ യുഡിഫ് പ്രക്ഷോഭങ്ങൾ കടുപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ പറഞ്ഞു. മാർച്ച് 13ന് എസ്‌സി, എസ്‌ടി ഫണ്ട് കുറച്ചതിനെതിരെയും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ചതിനുമെതിരെ കൊച്ചിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സംഗമത്തിൽ ദളിത് സംഘടനകളെയും, ന്യൂനപക്ഷ സംഘടനകളെയും പങ്കെടുപ്പിക്കും.
ഏപ്രിൽ 4ന് തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ സമരം സംഘടിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വീട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് സമരം. വനം-വന്യ ജീവി ആക്ട് പരിഷ്കരിക്കണമെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. ഫോറസ്റ്റ് ഓഫീസിലേക്ക് വിഷയത്തിൽ പ്രതിഷേധിച്ച് മാർച്ച് നടത്തും. വന്യജീവികളെ വെടിവെച്ചു കൊല്ലാൻ കർഷകർക്ക് അനുമതി കൊടുക്കണം.
ഏപ്രിൽ 21 മുതൽ കാസർഗോഡ് നെല്ലിക്കോട് തീരദേശത്തു നിന്ന് തീരദേശ ജാഥ നടത്തുമെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ജാഥ ഏപ്രിൽ 30ന് തിരുവനന്തപുരത്തു അവസാനിക്കും.