ഇടവേളയ്ക്ക് ശേഷം യുവേഫ ചാംപ്യൻസ് ലീഗിൽ പോര് മുറുകുന്നു. ഫുട്ബോൾ വമ്പന്മാരായ ബാഴ്സലോണ, ലിവർപൂൾ, ഡോർട്ട്മുണ്ട്, യുവൻ്റസ് ടീമുകൾ ഇന്ന് കളത്തിലിറങ്ങും. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന് ലില്ലെയാണ് എതിരാളികൾ. രണ്ടാം സ്ഥാനക്കാരായ ബാഴ്സലോണ ബെൻഫിക്കയെയും നേരിടും.
സീസണിലെ അപരാജിത കുതിപ്പ് ആവർത്തിക്കാനാണ് ലിവർപൂൾ ഇറങ്ങുന്നത്. ഹോം മത്സരത്തിൽ ലില്ലെ ആണ് റെഡ്സിൻ്റെ എതിരാളികൾ. അവസാന 21 മത്സരങ്ങളിലും തോൽവിയറിയാതെയാണ് ലില്ലെയുടെ വരവ്. സ്വന്തം കാണികൾ, സ്വന്തം തട്ടകം എന്നിങ്ങനെ ആനുകൂല്യങ്ങൾ ഏറെയുണ്ടെങ്കിലും ലില്ലെക്കെതിരായ മത്സരം ആർനെ സ്ലോട്ടിനു സംഘത്തിനും കടുപ്പമാകും.
പ്ലേ ഓഫ് റൗണ്ട് കളിക്കാതെ അവസാന 16ൽ ഇടംപിടിക്കാനാണ് ബാഴ്സയും ലക്ഷ്യമിടുന്നത്. എവേ മത്സരത്തിൽ ബെൻഫിക്കയാണ് ബാഴ്സയുടെ എതിരാളികൾ. നിലവിൽ 15 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ് കാറ്റലോണിയൻ കരുത്തർ. ഇറ്റാലിയൻ ക്ലബ് യുവൻ്റസിന് എതിരാളികൾ ക്ലബ് ബ്രുഗെയാണ്. വിജയത്തുടർച്ച ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത്. അത് ലറ്റിക്കോ മാഡ്രിഡ് ജർമ്മൻ വമ്പന്മാരായ ലെവർകൂസനെ നേരിടും. ഡോർട്ട്മുണ്ടും ഇന്ന് കളത്തിലിറങ്ങും.