NEWSROOM

ഉഗാണ്ടന്‍ ഒളിംപിക്സ് അത്‍ലറ്റ് റബേക്ക ചെപ്‌റ്റെഗി പെട്രോള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഞായറാഴ്ച പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ മുന്‍ ആൺ സുഹൃത്ത് റബേക്കയ്ക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

മുന്‍ ആൺസുഹൃത്തിന്‍റെ പെട്രോള്‍ ആക്രമണത്തില്‍ പരിക്കേറ്റ ഉഗാണ്ടയുടെ ഒളിംപിക്സ് അത്ലറ്റ് റബേക്ക ചെപ്‌റ്റെഗി മരിച്ചു. കായിക താരത്തിന്‍റെ വിയോഗം ഉഗാണ്ട ഗവണ്‍മെന്‍റ് സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ പാരിസ് ഒളിംപിക്സ് മാരത്തണില്‍ ഉഗാണ്ടയെ പ്രതിനിധീകരിച്ച് റബേക്ക മത്സരിച്ചിരുന്നു. ഞായറാഴ്ച പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ മുന്‍ കാമുകന്‍ റബേക്കയ്ക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സാരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവെയാണ് മുപ്പത്തിമൂന്നുകാരിയായ റബേക്ക മരണത്തിന് കീഴടങ്ങിയത്.

റബേക്കയും മുന്‍ ആൺസുഹൃത്തും തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നതായി പ്രാദേശിക ഭരണകൂടം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കെനിയയില്‍ വനിത അത്ലറ്റുകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ ആശങ്കയുണ്ടെന്നും റബേക്കയുടെ വേര്‍പാടില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഉഗാണ്ട അത്ലറ്റിക്സ് ഫെഡറേഷന്‍ പ്രതികരിച്ചു.

കേസിലെ പ്രതിയായ റബേക്കയുടെ മുന്‍ സുഹൃത്തും പരുക്കേറ്റ് ആശുപത്രിയിലാണ്. ഇയാളുടെ പൊള്ളല്‍ ഗുരുതരമല്ലെന്നാണ് വിവരം.ഇക്കഴിഞ്ഞ പാരിസ് ഒളിംപിക്സ് മാരത്തണില്‍ 44-ാം സ്ഥാനത്താണ് റബേക്ക ചെപ്റ്റെഗെ ഫിനിഷ് ചെയ്തത്. 2022 ൽ തായ്‌ലൻഡിലെ ചിയാങ് മായിൽ നടന്ന വേൾഡ് മൗണ്ടൻ ആൻഡ് ട്രയൽ റണ്ണിംഗ് ചാമ്പ്യൻഷിപ്പില്‍ താരം സ്വര്‍ണം നേടിയിരുന്നു.

SCROLL FOR NEXT