യുജിസി നെറ്റ് പുനഃപരീക്ഷ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജൂണ്‍ 18നു നടന്ന പരീക്ഷ റദ്ദാക്കിയ അധികൃതര്‍ ഓഗസ്റ്റ് 21 ന് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് എതിരെയായിരുന്നു ഹര്‍ജി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരാണ് വാദം കേട്ടത്. ആദ്യ തീരുമാനം വന്നിട്ട് രണ്ടു മാസം കഴിഞ്ഞിരിക്കുന്നുവെന്നും ഹര്‍ജി പരിഗണിക്കുന്നത് അനശ്ചിതത്വം വര്‍ധിപ്പിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. 9 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയതെന്നും അതില്‍ 47 പേരാണ് പരീക്ഷയെ ചോദ്യം ചെയ്തിട്ടുള്ളതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
Also Read: ചോദ്യപേപ്പര്‍ ചോര്‍ന്നാല്‍ ശിക്ഷ കഠിനം, ഒരു കോടി രൂപ വരെ പിഴ; പുതിയ നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്രം
"ഇതിനൊരു അന്തിമ തീരുമാനമാകട്ടെ, നമ്മള്‍ എല്ലാം തികഞ്ഞ ഒരു ലോകത്തിലല്ല. ഓഗസ്റ്റ് 21ന് പരീക്ഷകള്‍ നടക്കട്ടെ. വിദ്യാര്‍ഥികള്‍ക്ക് ഒരു ഉറപ്പ് ലഭിക്കട്ടെ", ചീഫ് ജസ്റ്റിസ് പറഞ്ഞു.
യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയ നടപടി ചോദ്യം ചെയ്തു കൊണ്ടുള്ള സമാനമായ ഹര്‍ജി മുമ്പ് സുപ്രീം കോടതി തള്ളിയിരുന്നു. ഹർജി നല്‍കിയ അഭിഭാഷകന് കേസുമായി ബന്ധമില്ലെന്നും ബാധിക്കപ്പെട്ട പരീക്ഷാർഥികള്‍ക്ക് സമീപിക്കാമെന്നുമായിരുന്നു കോടതിയുടെ തീരുമാനം.
2024 ജൂണ്‍ 18നു നടന്ന യുജിസി നെറ്റ് പരീക്ഷയ്ക്കായി 11,21225 പരീക്ഷാര്‍ഥികളാണ് അപേക്ഷ നൽകിയത്. ഇതില്‍ 9,45,872 പേര്‍ പരീക്ഷയെഴുതുകയും ചെയ്തു. പരീക്ഷയില്‍ ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷയുടെ പവിത്രതയില്‍ വീഴ്ച സംഭവിച്ചിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിക്ടിക്‌സ് യൂണിറ്റാണ് കണ്ടെത്തിയത്. തുടര്‍ന്നുള്ള സി.ബി.ഐ അന്വേഷണത്തില്‍, യുജിസി നെറ്റിന്റെ ചോദ്യപേപ്പര്‍ ചോര്‍ത്തി ഡാര്‍ക്ക് നെറ്റിലും സമൂഹ മാധ്യമങ്ങളിലും വില്‍പ്പനയ്ക്കായി ഇട്ടതായും കണ്ടെത്തിയിരുന്നു.