NEWSROOM

യുകെ പൊതുതെരഞ്ഞെടുപ്പ് ഇന്ന്; കൺസർവേറ്റീവ് പാർട്ടിക്ക് അടി തെറ്റുമോ?

കണ്‍സര്‍വേറ്റീവ്‌ പാർട്ടിയുടെ സ്ഥാനാര്‍ഥിയും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക്, ഇത്തവണ ലേബർ പാർട്ടിയോട് പരാജയപ്പെടുമെന്നാണ് പലരും വിലയിരുത്തുന്നത്

Author : ന്യൂസ് ഡെസ്ക്

സർക്കാരിനെയും പുതിയ ഹൗസ് ഓഫ് കോമൺസിനെയും തെരഞ്ഞെടുക്കാന്‍ ബ്രിട്ടണിലെ വോട്ടർമാര്‍ ഇന്ന് പോളിങ് ബൂത്തിലേക്കെത്തും. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ്, വെയിൽസ് എന്നിവ ഉൾപ്പെടുന്ന യുണൈറ്റഡ് കിങ്‌ഡത്തിലെ ഏകദേശം 6.7 കോടി ജനങ്ങളാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. രാവിലെ ഏഴ് മുതൽ രാത്രി പത്ത് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ തന്നെ വോട്ടെണ്ണലും ആരംഭിക്കും.

കണ്‍സര്‍വേറ്റീവ്‌ പാർട്ടിയുടെ സ്ഥാനാര്‍ഥിയും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക്, ഇത്തവണ ലേബർ പാർട്ടിയോട് പരാജയപ്പെടുമെന്നാണ് പലരും വിലയിരുത്തുന്നത്. പല ടോറികളും പാര്‍ട്ടി വലിയ തോല്‍വിയിലേക്ക് കൂപ്പുകുത്തും എന്ന് പറയുന്നുണ്ടെങ്കിലും, താന്‍ ആത്മവിശ്വാസം കൈവിടുന്നില്ല എന്നാണ് ഋഷി സുനക് പറയുന്നത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണെ മുൻനിർത്തിക്കൊണ്ട് ഋഷി സുനക് കഴിഞ്ഞ ദിവസം പ്രചരണം നടത്തിയിരുന്നു.

അധികാരം നിലനിർത്താൻ കൺസർവേറ്റീവ് പാർട്ടിയും, നഷ്ടമായ അധികാരം തിരിച്ചുപിടിക്കാൻ ലേബർ പാർട്ടിയും തമ്മില്‍ ശക്തമായ മത്സരമാണ് ഇക്കുറി നടക്കുന്നത്. പരമ്പരാഗതമായി ബ്രിട്ടീഷ് രാഷ്‌ട്രീയത്തിൽ കൺസർവേറ്റീവുകളും ലേബര്‍ പാര്‍ട്ടിയുമാണ് ആധിപത്യം പുലർത്തുന്നത്. ചെറു പാർട്ടികൾക്ക് പാർലമെന്‍റിൽ പ്രാതിനിധ്യം നേടുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും, ലിബറൽ ഡെമോക്രാറ്റുകൾ, റിഫോം യുകെ, സ്‌കോട്ടിഷ് നാഷണൽ പാർട്ടി, ഗ്രീൻസ് എന്നിവരും മത്സര രംഗത്തുണ്ട്.

SCROLL FOR NEXT