വൊളോഡിമിർ സെലൻസ്കിയും കെയ്ർ സ്റ്റാർമറും 
NEWSROOM

'ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട' യുക്രെയ്ൻ പ്രസിഡന്‍റിന് പിന്തുണ അറിയിച്ച് യുകെ പ്രധാനമന്ത്രി സ്റ്റാർമർ

യുഎസ് പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപ് സെലൻസ്കിയെ ഏകാധിപതി എന്ന് വിശേഷിപ്പിച്ചതിനു പിന്നാലെയാണ് സ്റ്റാർമറുടെ പിന്തുണ

Author : ന്യൂസ് ഡെസ്ക്

'ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട' യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിക്ക് പിന്തുണ അറിയിക്കുന്നതായി യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. യുഎസ് പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപ് സെലൻസ്കിയെ 'ഏകാധിപതി' എന്ന് വിശേഷിപ്പിച്ചതിനു പിന്നാലെ പിന്തുണ അറിയിച്ച് യുക്രെയ്ൻ പ്രസി‍ഡന്റിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു സ്റ്റാർമർ. പ്രധാനമന്ത്രി സെലൻസ്കിയുമായി സംസാരിച്ചതായി യുകെ സർക്കാർ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.


'ഇന്ന് വൈകുന്നേരം പ്രസിഡന്റ് സെലൻസ്‌കിയുമായി സംസാരിച്ച പ്രധാനമന്ത്രി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. യുക്രെയ്‌നിന്റെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാവെന്ന നിലയിൽ പ്രസിഡന്റ് സെലൻസ്‌കിക്ക് പിന്തുണ അറിയിച്ച പ്രധാനമന്ത്രി, രണ്ടാം ലോകമഹായുദ്ധ സമയത്ത് യുകെ ചെയ്‌തതുപോലെ യുദ്ധസമയത്ത് തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കുന്നത് തികച്ചും ന്യായമാണെന്ന് പറഞ്ഞു', സർക്കാർ വക്താവിന്റെ പ്രസ്താവനയിൽ പറയുന്നു.

2019 ലാണ് സെലൻസ്കി യുക്രെയ്നിൽ അധികാരത്തിലെത്തിയത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ സെലൻസ്‌കിയുടെ കാലാവധി ഔദ്യോഗികമായി അവസാനിച്ച സാഹചര്യത്തിൽ 2024ലാണ് യുക്രെയ്നിൽ‌ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ റഷ്യൻ അധിനിവേശത്തെ തുടർന്ന് രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിക്കപ്പെട്ടതിനാൽ സെലൻസ്‌കി അധികാരത്തിൽ തുടരുകയായിരുന്നു. യുക്രെയ്നിലെ പട്ടാളനിയമ പ്രകാരം തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ല.



സെലൻസ്കി തെരഞ്ഞെടുപ്പ് നടത്താതെ അധികാരത്തിൽ തുടരുന്ന ഏകാധിപതിയാണെന്നായിരുന്നു ട്രംപിന്റെ വിമർശനം. തെരഞ്ഞെടുക്കപ്പെടാത്ത ഏകാധിപതിയായ സെലൻസ്കി ഉടനെ മാറിയില്ലെങ്കിൽ, അദ്ദേഹത്തിന് രാജ്യം തന്നെ ഇല്ലാതാകും', ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. മുൻ യുഎസ് പ്രസിഡൻറ് ജോ ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതിൽ മാത്രമാണ് സെലൻ‌സ്കി മിടുക്ക് കാണിച്ചതെന്നും ട്രംപ് ആരോപിച്ചു. സഹായധനത്തിൽ പകുതിയും നഷ്ടമായതായി സെലൻസ്കി സമ്മതിച്ചതായും പോസ്റ്റിൽ ട്രംപ് പറയുന്നു. യൂറോപ്യൻ രാജ്യങ്ങളേക്കാൾ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുഎസ് പണം ചെലവഴിച്ചതായും ട്രംപ് പോസ്റ്റിൽ പറയുന്നു. മുൻപ് നടന്ന ഒരു വാർത്താ സമ്മേളനത്തിലും സെലൻസ്കിയെ വിമർശിച്ച ട്രംപ് യുദ്ധത്തെപ്പറ്റിയുള്ള റഷ്യൻ വ്യാഖ്യാനങ്ങൾ ആവർത്തിച്ചിരുന്നു. റഷ്യ നൽകുന്ന തെറ്റായ വിവരങ്ങളിലൂടെയാണ് ട്രംപ് കാര്യങ്ങൾ മനസിലാക്കുന്നതെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം.

അതേസമയം, ട്രംപിന്റെ പോസ്റ്റിനോടുള്ള പ്രതികരണമെന്ന നിലയ്ക്ക്, തങ്ങൾ പ്രതിരോധിക്കുമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ എക്സിൽ കുറിച്ചു. ട്രംപിൻ്റെ പ്രസ്താവനയ്‌ക്കെതിരെ മറ്റ് യുറോപ്യൻ നേതാക്കളും രംഗത്തെത്തി. സെലൻസ്കിയെ ഏകാധിപതിയെന്ന് വിളിക്കുന്നത് തെറ്റാണെന്നായിരുന്നു ജർമൻ ചാൻസലർ ഓൾഫ് ഷോൾസിൻ്റെ പ്രതികരണം.

SCROLL FOR NEXT