യു.എന്‍.ആര്‍.ഡബ്ലു.എ ലോജിസ്റ്റിക്സ് ബേസ് 
NEWSROOM

പലസ്തീന്‍ ദുരിതാശ്വാസ ഏജന്‍സിക്കുള്ള ഫണ്ടിംഗ് പുനരാരംഭിച്ച് യുകെ

യുകെ വിദേശകാര്യമന്ത്രി ഡേവിഡ് ലാമി ബ്രിട്ടീഷ് പാര്‍ലമെൻ്റിലാണ് ഈ കാര്യം അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

ഐക്യരാഷ്ട്ര സഭയുടെ പലസ്തീന്‍ ദുരിതാശ്വാസ ഏജന്‍സിയായ യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ലു.എ)യ്ക്ക് ഫണ്ടുകള്‍ നല്‍കുന്നത് യു കെ പുനരാരംഭിച്ചു. യു കെ വിദേശകാര്യമന്ത്രി ഡേവിഡ് ലാമി ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് ഈ കാര്യം അറിയിച്ചത്.

ഗാസയില്‍ നടക്കുന്ന യുദ്ധത്തില്‍ നഷ്പക്ഷത പാലിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഏജന്‍സി അറിയിച്ചതായി ഡേവിഡ് ലാമി പാര്‍ലമെന്റില്‍ വ്യക്തമാക്കി. 21 മില്യണ്‍ യൂറോ ആയിരിക്കും യുകെ ഏജന്‍സിക്ക് ഫണ്ടായി നല്‍കുക. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ യു.എന്‍.ആര്‍.ഡബ്ലു.എ അംഗങ്ങളും പങ്കാളികളായിരുന്നുവെന്നാണ് ഇസ്രയേല്‍ വാദം.

ഇസ്രയേല്‍ ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതിനു ശേഷമാണ് ദുരിതാശ്വാസ ഏജന്‍സിക്ക് ഫണ്ടിംഗ് നല്‍കുന്നത് യുഎന്‍ അംഗ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചത്. എന്നാല്‍ നിലവില്‍ യു.എസ് ഒഴിച്ചുള്ള രാജ്യങ്ങള്‍ ദുരിതാശ്വാസ ഫണ്ടിംഗ് പുനരാരംഭിച്ചിട്ടുണ്ട്. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ജെര്‍മനി കഴിഞ്ഞ ഏപ്രിലിലാണ് ഫണ്ടിംഗ് വീണ്ടും തുടങ്ങിയത്.

ഏജന്‍സിക്ക് മേലുള്ള ഇസ്രയേല്‍ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ അംഗരാജ്യങ്ങള്‍ ഏപ്രിലില്‍ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ ഏഴിനു നടന്ന ആക്രമണത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ആഭ്യന്തര മേല്‍നോട്ട സമിതി പ്രത്യേകമായി അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി ഗാസയില്‍ ക്ഷാമം രൂക്ഷമാണ്. ക്ഷാമം ബാധിച്ച വടക്കന്‍ ഗാസ മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഏജന്‍സിക്ക് ഇസ്രയേലിന്റെ ഭാഗത്തു നിന്നും വലിയ തോതില്‍ തടസങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്.

SCROLL FOR NEXT