ദീർഘദൂര ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് റഷ്യയുടെ കൂടുതൽ ഉൾഭാഗങ്ങളിൽ ആക്രമിച്ച് യുദ്ധതന്ത്രം മാറ്റിപ്പരീക്ഷിക്കാൻ യുക്രെയ്ൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. റഷ്യൻ സൈന്യം അധിനിവേശം നടത്തിയ സ്വന്തം പ്രദേശത്തിനകത്തായിരുന്നു ഇതുവരെയും യുക്രെയ്ൻ സേന മിസൈലുകൾ കൂടുതലായി പ്രയോഗിച്ചിരുന്നത്. നാറ്റോയിലെ പ്രധാന അംഗമായ ബ്രിട്ടൻ റഷ്യൻ പ്രദേശങ്ങളെ ലക്ഷ്യമിടാൻ യുക്രെയ്ന് സ്റ്റോം ഷാഡോ ക്രൂയിസ് മിസൈൽ ഉപയോഗിക്കാൻ അനുമതി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം കൂടുതൽ രൂക്ഷമായിരിക്കുന്ന സമയത്താണ് ഈ പുതിയ നീക്കം. റഷ്യ മിസൈൽ ആക്രമണം വർധിപ്പിച്ചപ്പോൾ യുക്രെയ്ൻ ഡ്രോൺ ആക്രമണം ശക്തമാക്കിയിരുന്നു. റഷ്യയിൽ നൂതന പാശ്ചാത്യ ആയുധങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. എന്നാൽ യുകെ നൽകുന്ന ഇത്തരം അനുമതികളോടെ ഇത് മാറാൻ സാധ്യതയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. യുക്രെയ്‌നിൽ ഇതിനകം സ്റ്റോം ഷാഡോ മിസൈൽ ഉണ്ട്. എന്നാൽ റഷ്യൻ സേനയെ നേരിടാൻ പ്രദേശത്തിനുള്ളിൽ മാത്രമാണ് ഇതത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നത്.
സ്ട്രോം ഷാഡോ ദീർഘദൂര വ്യോമ വിക്ഷേപണ ക്രൂയിസ് മിസൈലാണ്. ബ്രിട്ടൻ ഫ്രാൻസും സംയുക്തമായി വികസിപ്പിച്ചെടുത്ത ഇതിന് ഏകദേശം 500 കിലോമീറ്റർ ദൂരമുണ്ട്. 1994ൽ മട്രയും ബ്രിട്ടീഷ് എയ്‌റോസ്‌പേസും ചേർന്ന് കണ്ടെത്തിയ എംബിഡിഎ സംവിധാനമുപയോഗിച്ചാണ് സ്റ്റോം ഷാഡോ മിസൈൽ നിർമിച്ചിരിക്കുന്നത്. 'സ്റ്റോം ഷാഡോ' എന്നത് ആയുധത്തിൻ്റെ ബ്രിട്ടീഷ് നാമമാണ്. ഫ്രാൻസിൽ ഇതിനെ SCALP-EG എന്നാണ് വിളിക്കുന്നത്.
യുകെയുടെ സ്ഥാപക അംഗമായ മിസൈൽ ടെക്നോളജി കൺട്രോൾ റെജിം, അല്ലെങ്കിൽ എംടിസിആർ 300 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുള്ള മിസൈലുകളുടെ കയറ്റുമതിയെ നിയന്ത്രിക്കുന്നുണ്ട്. ആ നിയമം നിലനിൽക്കുമ്പോഴും യുക്രെയ്‌നിലേക്ക് ഇത്തരം ദീർഘദൂര ക്രൂയിസ് മിസൈലുകളുടെ കയറ്റുമതി എങ്ങനെ അനുവദിച്ചുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.