NEWSROOM

റഷ്യന്‍ ഊർജ സംവിധാനങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ന്‍ ഡ്രോണാക്രമണം

ആക്രമണത്തെ തുടർന്ന് മേഖലയിലെ ആറ് വിമാനത്താവളങ്ങളുടെ പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവയ്‌ക്കേണ്ടിവന്നതായും റഷ്യ സ്ഥിരീകരിച്ചു

Author : ന്യൂസ് ഡെസ്ക്

റഷ്യയിലെ ഇന്ധന- ഊർജ സംവിധാനങ്ങൾ ലക്ഷ്യമിട്ട് വ്യാപക ഡ്രോണ്‍ ആക്രമണങ്ങളുമായി യുക്രെയ്ന്‍. ഞായറാഴ്ച ഒറ്റരാത്രി കൊണ്ട് 70 ഓളം യുക്രെയ്ൻ ഡ്രോണുകള്‍ റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ചിട്ടതായാണ് റിപ്പോർട്ട്. വോൾഗോഗ്രാഡ് മേഖലയിൽ 25ഉം, റോസ്തോവ് മേഖലയിൽ 27ഉം, അസ്ട്രഖാൻ മേഖലയിൽ ഏഴ് ഡ്രോണുകളുമാണ് നിഷ്പ്രഭമാക്കിയത്. ആക്രമണത്തെ തുടർന്ന് മേഖലയിലെ ആറ് വിമാനത്താവളങ്ങളുടെ പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവയ്‌ക്കേണ്ടിവന്നതായും റഷ്യ സ്ഥിരീകരിച്ചു.


നശിപ്പിച്ച ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണ് ഒരു എണ്ണശുദ്ധീകരണ ശാലയില്‍ നിരവധി തീപിടിത്തങ്ങളുണ്ടായി. എന്നാൽ ഏത് റിഫൈനറിയിലാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കിയില്ല. റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉൽപ്പാദകരായ ലുക്കോയിൽ റിഫൈനറിക്ക് സമീപവും സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് റിപ്പോർട്ടുകള്‍. ദിവസേന 300,000 ബാരൽ എണ്ണശുദ്ധീകരിക്കാൻ ശേഷിയുള്ള റിഫൈനറിയാണ് ലുക്കോയിൽ. അസ്ട്രഖാനിലെ ​ഗ്യാസ് പ്രോസസിങ് പ്ലാന്റിന് നേരെയും ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

2022-ൽ റഷ്യ അധിനിവേശം ആരംഭിച്ചതോടെയാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുക്രെയ്ൻ പ്രത്യാക്രമണം ആരംഭിച്ചത്. റഷ്യയെ പോലെ പ്രബലരായ അയൽ രാജ്യത്തിനെതിരെ ശക്തമായ പ്രതിരോധവും ആക്രമണവുമാണ് യുക്രെയ്ൻ നടത്തുന്നത്. എന്നാൽ യുക്രെയ്ൻ ആക്രമണത്തെ 'തീവ്രവാദ' പ്രവർത്തനമായിട്ടാണ് റഷ്യ വിലയിരുത്തുന്നത്. ഇത് യുദ്ധത്തിന്റെ തീവ്രവത വർധിക്കാൻ കാരണമാകുമെന്നാണ് റഷ്യയുടെ വാദം. റഷ്യയുടെ ഊർജം, ഗതാഗതം, സൈനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ആക്രമിക്കുന്നതിലൂടെ അവരുടെ യുദ്ധ ശ്രമങ്ങളെ ദുർബലപ്പെടുത്താനാണ് യുക്രയ്ന്‍റെ ശ്രമം.

SCROLL FOR NEXT