NEWSROOM

റഷ്യന്‍ അതിർത്തികളിൽ അധിനിവേശത്തിനൊരുങ്ങി യുക്രെയ്ന്‍

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം റഷ്യ നേരിട്ട ഏറ്റവും വലിയ സൈനിക നീക്കമായി ഇത് മാറി

Author : ന്യൂസ് ഡെസ്ക്

രണ്ടര വർഷത്തെ പ്രതിരോധത്തിന് ശേഷം റഷ്യന്‍ അതിർത്തികളിൽ അധിനിവേശത്തിലേക്ക് നീങ്ങിയിരിക്കുകയാണ് യുക്രെയ്ന്‍. പ്രധാന അതിർത്തി നഗരമായ കുർസ്ക് അടക്കം മേഖലകളിലേക്കുള്ള പ്രത്യാക്രമണം മൂന്നാം ആഴ്ചയില്‍ എത്തി നിൽക്കുകയാണ്. രണ്ടര വർഷത്തോളം റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ ശ്രമിച്ച യുക്രെയ്ന്‍ ശക്തമായി  തിരിച്ചടിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓഗസ്റ്റ് 6നാണ് അപ്രതീക്ഷിത നീക്കമുണ്ടായത്. തർക്ക മേഖലകളടങ്ങുന്ന അതിർത്തി നഗരങ്ങളിലേക്ക് യുക്രെയ്ന്‍ ടാങ്കുകള്‍ കടന്നുകയറി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം റഷ്യ നേരിട്ട ഏറ്റവും വലിയ സൈനിക നീക്കമായി ഇത് മാറി.

സുദ്‌ജാ നഗരത്തില്‍ നിന്നാണ് തിരിച്ചടി ആരംഭിച്ചത്. ഡസന്‍ കണക്കിന് റഷ്യന്‍ നഗരങ്ങളും ഗ്രാമപ്രദേശങ്ങളും യുക്രെയ്ന്‍ കീഴടക്കി. മൂന്നുലക്ഷത്തിലധികം ഏക്കർ റഷ്യന്‍ ഭൂമിയിലേക്ക് ഈ അധിനിവേശം നീളുന്നു എന്നാണ് ന്യൂയോർക്ക് ടൈംസിൻ്റെ കണ്ടെത്തല്‍. ഇത് 2022 മുതല്‍ റഷ്യ കീഴടക്കിയ യുക്രെയ്ന്‍ മേഖലകളുടെ കണക്കിനോട് അടുത്ത് വരും . റഷ്യ-യുക്രെയ്ന്‍ യുദ്ധാനന്തരം അതിർത്തി രേഖകളില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

സൈനിക ബങ്കറുകളുണ്ടാക്കിയും ടാങ്കുകളെ തടയാന്‍ കിലോമീറ്ററുകള്‍ നീളുന്ന കിടങ്ങുകള്‍ തീർത്തുമാണ് റഷ്യ പ്രതിരോധം നടപ്പിലാക്കിയത്. യുദ്ധം ജനവാസമേഖലകളിലേക്കും എത്തിയതോടെ പതിനായിരങ്ങള്‍ പാലായനം ചെയ്യപ്പെട്ടു. കൂടുതലും കുർസ്കില്‍ നിന്നും സമീപ അതിർത്തി മേഖലകളില്‍ നിന്നുമുള്ളവരായിരുന്നു. എഴുപതിനായരത്തിലധികം പേർ താത്കാലിക അഭയാർഥി കേന്ദ്രങ്ങളിലാണ്. അതില്‍ സർക്കാരിന്‍റെ ഒഴിപ്പിക്കല്‍ നിർദേശമനുസരിച്ച് ഒഴിഞ്ഞവരും, സ്വമേധയാ രക്ഷതേടിയവരുമുണ്ട്. 1,20,000 ത്തോളം പേർ ഇത്തരത്തില്‍ പാലായനം ചെയ്തതായാണ് റഷ്യ പുറത്തുവിടുന്ന വിവരം.

ഇതിനിടെ യുക്രെയ്‌നായി 12 കോടി 50 ലക്ഷം ഡോളറിന്‍റെ പാക്കേജാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ആയുധങ്ങളും പ്രതിരോധോപകരണങ്ങളും അടങ്ങുന്നതാണ് ഈ സഹായ പാക്കേജ്. 40,000-ത്തിന് മുകളില്‍ ജനസംഖ്യയുള്ള യുക്രെയ്നിലെ പോക്രോവ്സ്കിലേക്ക് റഷ്യ മുന്നേറ്റം നടത്തുന്നതിനിടെയാണ് യുക്രെയന് കൂടുതല്‍ സഹായം അനുവദിച്ചുകൊണ്ടുള്ള ജോ ബെെഡന്‍റെ പ്രഖ്യാപനം വന്നത്. ഇതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ന്‍ സന്ദർശിച്ചതും റഷ്യക്ക് നയതന്ത്രപരമായി വലിയ ആഘാതമാണ് ഏൽപ്പിക്കുന്നത്.

SCROLL FOR NEXT