NEWSROOM

റഷ്യന്‍ മൈനുകള്‍, കെണികള്‍, കാട്ടുതീ; യുദ്ധം ചുട്ടെരിക്കുന്ന യുക്രെയ്ന്‍ വനങ്ങള്‍

റഷ്യയുടെ അധീനതയിലുള്ള കിഴക്കന്‍ യുക്രെയ്ന്‍ മേഖലയിലെ വനഭൂമിയെയാണ് യുദ്ധം വലിയ തോതില്‍ ബാധിച്ചത്

Author : ന്യൂസ് ഡെസ്ക്

റഷ്യന്‍ ആക്രമണത്തില്‍ ജീവനും സ്വത്തിനും പുറമെ യുക്രെയ്ന്‍ ജനതയ്ക്ക് നഷ്ടപ്പെടുന്നത് ആവാസവ്യവസ്ഥയെ സംരക്ഷിച്ചുവന്നിരുന്ന വിശാലമായ വനഭൂമി കൂടിയാണ്. ഔദ്യോഗിക കണക്കുപ്രകാരം, യുക്രെയ്നിലെ ഒരു ലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വനഭൂമിയുടെ നല്ല പങ്കും കത്തിയമർന്നുകഴിഞ്ഞു.

സ്കോട്ട്സ് പൈനിൻ്റെ അപൂർവ ഉപജാതി വിഭാഗമായ ചോക്ക് പൈൻ പോലുള്ള ജൈവ വൈവിധ്യങ്ങളടങ്ങിയ 100,000 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണ് രണ്ടരവർഷത്തെ യുദ്ധത്തില്‍ യുക്രെയ്‌ന് നഷ്ടമായിരിക്കുന്നത്. രണ്ടു തരത്തിലാണ് പ്രധാനമായും കാടുകള്‍ കത്തി നശിക്കുന്നത്. മിസൈലുകളോ ഷെല്ലുകളോ വീണുപൊട്ടിയുണ്ടാകുന്ന തീപ്പൊരി കാട്ടുതീയായി മാറുന്നതാണ് ഒന്ന്. സ്വിയാറ്റി ഹോറി നാഷണൽ പാർക്ക് പോലുള്ള സംരക്ഷിത വനമേഖലകളില്‍ പലതും ഈ വിധമാണ് നശിച്ചത്.
കാടുകള്‍ വഴിയുള്ള എതിർസൈന്യത്തിന്‍റെ നുഴഞ്ഞുകയറ്റം ചെറുക്കാന്‍ മരങ്ങള്‍ക്ക് സൈനികർ തീയിടുന്നതാണ് മറ്റൊരു കാരണം.

റഷ്യയുടെ അധീനതയിലുള്ള കിഴക്കന്‍ യുക്രെയ്ന്‍ മേഖലയിലെ വനഭൂമിയെയാണ് യുദ്ധം വലിയ തോതില്‍ ബാധിച്ചത്. 3 ദശലക്ഷം ഹെക്ടറോളം വനഭൂമിക്കുണ്ടായ നഷ്ടം കണക്കാക്കാന്‍ യുക്രെയ്ന്‍ പരിസ്ഥിതി മന്ത്രാലയത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. റഷ്യ പിന്‍വാങ്ങിയ ഭൂമിയില്‍ ഇനിയും കണ്ടെത്താനാകാത്ത മൈനുകളും പൊട്ടാത്ത ഷെല്ലുകളും അവശേഷിക്കുന്നു എന്നതാണ് കണക്കെടുക്കുന്നതിലുള്ള പ്രധാന വെല്ലുവിളി. രാജ്യത്തുടനീളമുള്ള ഏകദേശം 425,000 ഹെക്ടർ വന ഭൂമിയാണ് ഉള്ളിലേക്ക് കടക്കാന്‍ സാധിക്കാത്ത വിധം അപകടകരമായി തുടരുന്നത്.  ഇടതൂർന്ന മരങ്ങളുള്ള മേഖലയായതിനാല്‍ ഇവിടങ്ങളില്‍ മൈന്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് കൃത്യമായ പരിശോധന സാധിക്കില്ല. ഇതിനകം ഇവിടെ 14 വനംവകുപ്പ് ഉദ്യോഗസ്ഥർ കുഴിബോംബുകളിലും മറ്റ് കെണികളിലും പെട്ട് കൊല്ലപ്പെട്ടിട്ടുണ്ട്.

മാനുകൾ, പന്നികൾ, മരപ്പട്ടികൾ എന്നിങ്ങനെ മേഖലയുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ആശ്രയിച്ചിരുന്ന ജന്തുജാലങ്ങൾക്കും നഷ്ടമുണ്ടായിട്ടുണ്ട്. ഇവയൊന്നും ഒരു കണക്കിലും പെടുന്നില്ലെന്നു മാത്രം. കുഴിബോംബുകള്‍ വ്യാപകമായി സ്ഥാപിക്കപ്പെട്ട വടക്കൻ യുക്രെയ്നിലെ ചെർണോബില്‍ റിസർവ് വംശനാശഭീഷണി നേരിടുന്ന കാട്ടു കുതിര ഇനത്തില്‍പ്പെട്ട 100-ലധികം പ്രെസ്വാൾസ്കി കുതിരകളുടെ സംരക്ഷണകേന്ദ്രമാണ്. ഇവിടേക്ക് പ്രവേശിക്കുന്നത് പോലും ഇപ്പോള്‍ വലിയ വെല്ലുവിളിയാണ്.

കാടുകളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് ദശാബ്ദങ്ങൾ എടുക്കുമെന്നും കോടിക്കണക്കിന് ഡോളർ ചെലവാക്കേണ്ടിവരുമെന്നുമാണ് ലോകബാങ്കിന്‍റെ നിരീക്ഷണം. വനങ്ങള്‍, ചതുപ്പുനിലങ്ങള്‍, തണ്ണീർത്തടങ്ങള്‍ എന്നിവിടങ്ങളില്‍ യുദ്ധം വരുത്തിയ നാശനഷ്ടം 30 ബില്യൺ ഡോളർ കവിഞ്ഞതായാണ് ഫെബ്രുവരിയിൽ ലോക ബാങ്ക് കണക്കാക്കിയത്.  തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് റഷ്യ പണം നൽകണമെന്നാണ് യുക്രെയ്ൻ്റെ നിലപാട്. വനങ്ങൾ നശിപ്പിച്ചതിന് റഷ്യയ്‌ക്കെതിരെ 40 ക്രിമിനൽ വ്യവഹാരങ്ങളിലാണ് യുക്രെയ്ന്‍ ഏർപ്പെട്ടിരിക്കുന്നത്. യുദ്ധം മനുഷ്യർക്കൊപ്പം പ്രകൃതിയെയും മുറിപ്പെടുത്തുന്നുവെന്ന തിരിച്ചറിവാണ് യുക്രെയ്‌നിലെ വനങ്ങള്‍.

SCROLL FOR NEXT