NEWSROOM

ക്രിസ്മസ് അവധിയുടെ മറവില്‍ ഇന്ത്യവിട്ട് ടോറസ് തട്ടിപ്പ് കേസിലെ സൂത്രധാരന്മാര്‍; രാജ്യം കടന്നത് യുക്രെയ്ന്‍ വംശജര്‍

ശമ്പളം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് സാമ്പത്തിക ക്രമക്കേടുകളിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ

Author : ന്യൂസ് ഡെസ്ക്

മുംബൈ ടോറസ് നിക്ഷേപ തട്ടിപ്പ് കേസിലെ സൂത്രധാരന്മാരായ യുക്രെയ്‌ൻ വംശജർ ഇന്ത്യ വിട്ടതായി റിപ്പോർട്ട്. ടോറസ് ജ്വല്ലറി ബ്രാൻഡ് നടത്തുന്ന പ്ലാറ്റിനം ഹെർൺ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഡയറക്ടർ വിക്ടോറിയ കോവലെങ്കോയും കമ്പനിയുടെ മുൻ ഡയറക്ടർ ഒലീന സ്റ്റോയനുമാണ് നിക്ഷേപ തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് തുർക്കിയിൽ നടന്ന സമാനമായ ഒരു കൂട്ട തട്ടിപ്പിൽ ഇതേ യുക്രെയ്‌നിയൻ സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഉസ്‌ബെക്ക് സ്വദേശിയായ ടോറസിൻ്റെ ഡയറക്ടർ ടാനിയ കസറ്റോവയെയും സ്റ്റോർ ഇൻ ചാർജ് ചുമതലയുള്ള റഷ്യക്കാരനായ വാലൻ്റീനോ ഗണേഷ് കുമാറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസിലെ ആസൂത്രകർ എന്ന് സംശയിക്കുന്ന രണ്ട് പേർ 2024 ഡിസംബറിൽ ജീവനക്കാരോടും ഏജൻ്റുമാരോടും പറഞ്ഞ് ക്രിസ്മസ് അവധിക്ക് പോയിരുന്നു. ഈ പേരും പറഞ്ഞ് ഇവർ രാജ്യം വിട്ടതായി മുംബൈ പൊലീസ് ഇക്കണോമിക് ഒഫൻസസ് വിംഗ് (EOW) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ജനുവരി 5ന് മുമ്പ് നടത്തിയ നിക്ഷേപത്തിന് 11 ശതമാനം പലിശ നൽകുമെന്നും അതിനുശേഷം നിരക്ക് കുറയുമെന്നും പ്രഖ്യാപിച്ച് ടോറസ് യുട്യൂബിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 0.5 ശതമാനം അധിക പലിശ വാഗ്ദാനം ചെയ്തുകൊണ്ട് കമ്പനി പണമിടപാടുകളെ പ്രോത്സാഹിപ്പിച്ചു. നിക്ഷേപങ്ങളുടെ കുത്തൊഴുക്ക് ലക്ഷ്യം വച്ചായിരുന്നു പുതിയ സ്കീം അവതരിപ്പിക്കപ്പെട്ടത്.

ജനുവരി 6ഓടെ ടോറസിൻ്റെ ഔട്ട്ലെറ്റുകൾ അടച്ചതോടെയാണ് നിക്ഷേപകർ വഞ്ചിതരായ വിവരം അറിയുന്നത്. പുതിയ സ്കീം വിശ്വസിച്ച് ആയിരം രൂപ മുതൽ കോടികൾ വരെയാണ് ആളുകൾ നിക്ഷേപിച്ചത്. ഏഴോളം പേർ 13 കോടിയിലധികം രൂപ നിക്ഷേപിച്ചതായും പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ കമ്പനിയിൽ തട്ടിപ്പ് നടന്നെന്നും സിഇഒ തൗസിഫ് റിയാസ്, ഡയറക്ടർ സർവേശ് സർവെ, അക്കൗണ്ടൻ്റ് അഭിഷേക് ഗുപ്ത എന്നിവരുൾപ്പെടെയുള്ള പ്രധാന എക്സിക്യൂട്ടീവുകൾ എന്നിവർ ഇതിന് ഒത്താശ നൽകിയെന്നുമുള്ള തരത്തിൽ വോയിസ് ക്ലിപ്പ് പുറത്തുവന്നിരുന്നു.

മുംബൈയിൽ ആറ് ഇടങ്ങളിലായി രണ്ട് ദിവസമായി നടത്തിയ തെരച്ചിലിൽ ഏകദേശം 5 കോടി രൂപ പിടിച്ചെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ടോറസിൻ്റെ ദാദർ സ്റ്റോറിൽ ശമ്പളം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് സാമ്പത്തിക ക്രമക്കേടുകളിലേക്ക് നയിച്ചതെന്ന് ഇക്കണോമിക് ഒഫൻസസ് വിംഗ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.


SCROLL FOR NEXT