NEWSROOM

ഉമ തോമസിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി, സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായത് ഗൗരവതരമായ പിഴവ്: മന്ത്രി പി. രാജീവ്

എംഎൽഎയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം

Author : ന്യൂസ് ഡെസ്ക്

കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ​ഗുരുതര പരുക്കേറ്റ സംഭവത്തിൽ സംഘാടകരുടെ ഭാഗത്ത് നിന്ന് ഗൗരവതരമായ പിഴവുണ്ടായെന്ന് മന്ത്രി പി. രാജീവ്. സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം പരിശോധന തുടരുമെന്നും എംഎൽഎയ്ക്ക് നിലവിൽ നൽകിവരുന്ന ചികിത്സാ രീതി തുടരുമെന്നും മന്ത്രി അറിയിച്ചു.

എംഎൽഎയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരോഗ്യനിലയിൽ നിന്നും പുരോഗതിയുണ്ടെന്ന് മന്ത്രിയും വ്യക്തമാക്കി. അതിഗുരുതരം എന്ന അവസ്ഥയിൽ നിന്ന് മാറിയിട്ടുണ്ട്. വെന്റിലേറ്ററില്‍ തുടരും എന്നാണ് അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കലൂ‍ർ സ്റ്റേഡിയത്തിൽ നടന്ന മെ​ഗാ ഭരതനാട്യത്തിന്‍റെ ഭാ​ഗമായി വ്യാപക പണപ്പിരിവ് നടന്നതായി ആരോപണം ഉയരുന്നുണ്ട്. സ്വകാര്യ പരിപാടി സംഘടിപ്പിച്ചത് സർക്കാർ പങ്കാളിത്തത്തോടെ എന്ന വ്യാജേനയാണെന്നും പരിപാടി കാണാൻ വന്നവരിൽ നിന്ന് 140 മുതൽ 300 രൂപ വരെ ടിക്കറ്റ് നിരക്ക് ഈടാക്കിയെന്നുമാണ് ആരോപണം. ഗിന്നസ് ബുക്ക് റെക്കോർഡ് നൽകുമെന്ന് വാഗ്ദാനം നൽകി കുട്ടികളുടെ കയ്യിൽ നിന്ന് 2000 രൂപ വീതവും വാങ്ങിയെന്നും പരാതിയുണ്ട്. പണപ്പിരിവിൽ രക്ഷിതാക്കൾക്ക് പരാതി നൽകാമെന്നും പൊലീസ് ഇക്കാര്യവും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read: ഉമ തോമസ് വീണ് പരുക്കേറ്റ സംഭവം: കേസെടുത്ത് പൊലീസ്, സംഘാടകരുടേത് ഗുരുതര വീഴ്ചയെന്ന് പ്രാഥമിക റിപ്പോർട്ട്

പരിപാടിയിൽ വിഐപി പ്രോട്ടോകോൾ പാലിച്ചോ എന്ന് പൊലീസ് ഉറപ്പുവരുത്തിയില്ലെന്നും ആരോപണമുണ്ട്. മന്ത്രി പങ്കെടുക്കുന്ന വേദിയിൽ പരിപാടിക്ക് മുൻകൂട്ടി സുരക്ഷാ പരിശോധന നടത്തിയിരുന്നില്ല.

Also Read: EXCLUSIVE | 'മൃദംഗനാദം മൃദംഗവിഷൻ' പരിപാടിയുടെ പേരിൽ വ്യാപക പണപ്പിരിവ്; സംഘാടകർ പിരിച്ചത് ഒരു കോടിയിലധികം രൂപ

കഴിഞ്ഞ ദിവസമാണ് കലൂ‍ർ ജവഹ‍ർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതര പരുക്കേറ്റത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനു മുന്നോടിയായി നടന്ന പരിപാടിക്കിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തില്‍ നിന്നാണ് ഉമ തോമസ് വീണത്.

SCROLL FOR NEXT