NEWSROOM

കണ്ണ് തുറന്നു, ഉമ തോമസ് പ്രതികരിച്ചു; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍

'കാലുകള്‍ അനക്കാന്‍ പറഞ്ഞപ്പോള്‍ അനക്കി. ചിരിക്കാന്‍ പറഞ്ഞപ്പോള്‍ ചിരിച്ചു'

Author : ന്യൂസ് ഡെസ്ക്

എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് റെനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍. ഉമ തോമസ് പറയുന്ന കാര്യങ്ങളോട് പ്രതികരിച്ചുവെന്നും കാലുകള്‍ അനക്കാന്‍ പറഞ്ഞപ്പോള്‍ അനക്കിയെന്നും ചിരിക്കാന്‍ പറഞ്ഞപ്പോള്‍ ചിരിച്ചുവെന്നും ഡോക്ടര്‍ കൃഷ്ണനുണ്ണി മാധ്യമങ്ങളോട് പറഞ്ഞു.

'ആറ് മണിയായപ്പോള്‍ സെഡേഷനുള്ള മരുന്ന് കുറച്ചു. പ്രതികരിക്കുന്നത് അറിയാനായാണ് കുറച്ചത്. ഇന്ന് രാവിലെ ഒരു ഏഴ് മണി ആയപ്പോള്‍ ഉമ തോമസ് ഉണര്‍ന്നു. നമ്മള്‍ പറയുന്നതിനോട് പ്രതികരിക്കുന്നുണ്ടായിരുന്നു. കാലുകള്‍ അനക്കാന്‍ പറഞ്ഞപ്പോള്‍ അനക്കി. ചിരിക്കാന്‍ പറഞ്ഞപ്പോള്‍ ചിരിച്ചു. മകന്‍ ചോദിക്കുന്നതിനോടൊക്കെ പ്രതികരിച്ചു. പ്രതികരണം മാത്രമേയുള്ളു. വായില്‍ ട്യൂബ് ഇട്ടതുകൊണ്ട് സംസാരിക്കാന്‍ പറ്റില്ല,'ഡോക്ടര്‍ പറഞ്ഞു.

കൈകൊണ്ട് മുറുക്കെ പിടിക്കാന്‍ പറഞ്ഞപ്പോള്‍ മുറുക്കെ പിടിച്ചു. തലച്ചോറില്‍ ഉണ്ടായ ക്ഷതങ്ങളില്‍ നേരിയ ഒരു ചെറിയ പുരോഗതി ഉണ്ട്. അത് ആശാവഹമായ ഒരു പുരോഗതി തന്നെയാണ്. ശ്വാസകോശത്തിനേറ്റ പരുക്കാണ് ഇപ്പോഴും ഒരു വെല്ലുവിളിയായി നില്‍ക്കുന്നത്. ഇന്ന് എടുത്ത എക്‌സ്‌റേയിലും നേരിയ പുരോഗതി കാണിക്കുന്നുണ്ട്. അതും ആശാവഹമായ പുരോഗതിയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രോന്‍കോസ്‌കോപി ചെയ്യണം എന്ന് വിചാരിച്ചിരുന്നതാണ്. കഴിഞ്ഞ ദിവസം എറണാകുളം മെഡിക്കല്‍ കോളേജിലെ പള്‍മണോളജിസ്റ്റ് വേണുഗോപാല്‍ ഉമ തോമസിനെ കണ്ടിരുന്നു. അദ്ദേഹവും ഇന്ന് ബ്രോന്‍കോസ്‌കോപി ചെയ്യാമെന്ന് നിര്‍ദേശിച്ചിരുന്നതാണ്. പക്ഷെ ഇന്നത്തെ എക്‌സ്‌റേയില്‍ കുറച്ചുകൂടി വ്യക്തമായ സാഹചര്യത്തില്‍ അത് ചെയ്യേണ്ടെന്ന് തീരുമാനിച്ചു.

ഇരുഭാഗത്തെയും വാരിയെല്ലുകള്‍ക്ക് പൊട്ടല്‍ ഉള്ളതുകൊണ്ട് ഉണ്ടാകാവുന്ന ചതവും അപകടം പറ്റിയ സമയത്ത് കുറേ രക്തം ശ്വാസകോശത്തിനകത്തും മറ്റും പോയിട്ടുണ്ട്. കുറച്ചൊക്കെ എടുത്തു. ബാക്കി മരുന്ന് കഴിച്ച് തനിയെ തന്നെ പോകണം. ഇപ്പോള്‍ ആന്റി ബയോട്ടിക്കുകളോടൊക്കെ പ്രതികരിക്കുന്നുണ്ട്. ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. ഗുരതരാവസ്ഥയിലാണ്. പക്ഷെ അതീവ ഗുരുതരാവസ്ഥയിലല്ല. ഗുരുതരവാസ്ഥ തരണം ചെയ്തു എന്ന് പറയണമെങ്കില്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്ന സാഹചര്യം എത്തണം. ഇന്‍ഫെക്ഷന്‍ കുറഞ്ഞു എന്ന് പറയാറായിട്ടില്ല. പ്രതികരിക്കുന്നുണ്ട് എന്നേ പറയാന്‍ പറ്റൂ എന്നും ഡോക്ടര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ മെഗാ ഭരതനാട്യം ഇവന്റി പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഉമ തോമസിന് അപകടം സംഭവിച്ചത്. സ്റ്റേഡിയത്തില്‍ താല്‍ക്കാലികമായി കെട്ടിയ സ്റ്റേജില്‍ കയറി ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ 11 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ചാണ് ഉമ തോമസ് വീണത്. ഗുരുതര പരുക്കുകളോടെയാണ് ഉമ തോമസിനെ ആശുപത്രിയില്‍ എത്തിച്ചത്.

SCROLL FOR NEXT