NEWSROOM

ഉമ തോമസിന് പരുക്കേറ്റ സംഭവം: നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം

കേസിൽ മറ്റ് പ്രതികളായ ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവരുടെ ഇടക്കാല ജാമ്യം നീട്ടി നൽകി

Author : ന്യൂസ് ഡെസ്ക്


കലൂർ സ്റ്റേഡിയിത്തിൽ നടന്ന നൃത്ത പരിപാടിയ്ക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് അപകടം പറ്റിയ സംഭവത്തിൽ, എം ഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴാം തീയതി വരെയാണ് ജാമ്യം. കേസിൽ മറ്റ് പ്രതികളായ ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവരുടെ ഇടക്കാല ജാമ്യം നീട്ടി നൽകി.

അതേസമയം, കലൂർ സ്റ്റേഡിയിത്തിൽ നടന്ന നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പിൽ, എം ഡി നിഗോഷ് കുമാറിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തു വന്നു. പരിപാടിക്കായി ലഭിച്ച പണം പലർക്കായി വീതിച്ച് നൽകിയെന്നും, ലഭിച്ച നാല് കോടിയോളം രൂപയിൽ തുച്ഛമായ തുക മാത്രമാണ് തൻ്റെ പക്കലുള്ളതെന്നും നിഗോഷ് പറഞ്ഞു. ദിവ്യ ഉണ്ണിക്കും പൂർണിമയ്ക്കും സിജോയ് വർഗീസിനും വിഹിതം നൽകി. GCDA യുടെ സ്റ്റേഡിയം തരപ്പെടുത്തി തന്ന കൃഷ്ണകുമാറും നല്ലൊരു തുക കമ്മീഷനായി കൈപ്പറ്റിയെന്നും നിഗോഷ് കുമാർ പൊലീസിന് മൊഴി നൽകി.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംൽഎയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ഇന്നലെ ഡോക്ടർമാർ അറിയിച്ചു. എക്സ്- റേയിൽ നീർക്കെട്ട് കണ്ടതായും ഡോക്ടർമാർ പറഞ്ഞു. ഉമ തോമസ് നാളെ കൂടി വെൻ്റിലേറ്ററിൽ തുടരും.

ഡിസംബർ 29ന് കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിക്കുകയായിരുന്നു.

SCROLL FOR NEXT